തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പട്ടാപ്പകൽ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി പിടിയിലായി. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി. മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂർ ഉണ്ണി എന്നിവർ ഇപ്പോഴും ഒളിവിലാണ്.

കൊല നടത്താനായി പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികൾ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്സൽ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത് (ഉലമവേ). ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടിൽവച്ചാണ് പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.

പോത്തൻകോട് അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുധീഷിനെ കൊലപ്പെടുത്തിയത് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. കൊലയാളി സംഘത്തിലെ പ്രധാനിയായ ആഴുർ ഉണ്ണി ഉൾപ്പെടെ മൂന്ന് പേരെ സുധീഷ് ദിവസങ്ങൾ മുൻപ് ആറ്റിങ്ങലിൽ വെച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഒട്ടകം എന്ന വിളിപ്പേരിലറിയപ്പെടുന്ന രാജേഷിനൊപ്പം ചേർന്ന് നടപ്പിലാക്കിയത്.

കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയത്.കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്.

കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവുമുണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. നിലവിൽ പത്ത് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലയാളി സംഘം സുധീഷിനെ തേടിയെത്തിയത്. സുധീഷ് ആറ്റിങ്ങൽ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ തേടി മൂന്നിലധികം ഗ്രൂപ്പുകളായിട്ടാണ് പ്രതികളെത്തിയത്. ഒളിത്താവളത്തെ കുറിച്ച് സംഘത്തിന് വിവരം നൽകിയത് സഹോദരി ഭർത്താവാണെന്നാണ് സൂചന.