കൊടുമൺ: വയലിലെ ചെളിയിൽ പൂണ്ടു പോയ ട്രാക്ടർ ഉയർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു. അടിയിൽപ്പെട്ടു പോയ യുവാവിന് ദാരുണാന്ത്യം. ദീപ്തി ഭവനിൽ എൻ.ആർ. പ്രസാദ്-ജയദേവി ദമ്പതികളുടെ മകൻ ദിലീപ് പ്രസാദ്(37) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ നെടുവക്കോട്ട് തൂമ്പാമുഖം ഏലായിലാണ് സംഭവം. വയലിൽ താഴ്ന്നു പോയ ട്രാക്ടർ ഉയർത്താനുള്ള ശ്രമത്തിനിടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

ട്രാക്ടറിന് അടിയിൽപ്പെട്ടു പോയ ദിലിപിനെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പത്തനംതിട്ടയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘം ട്രാക്ടർ വടം ഉപയോഗിച്ച് ഉയർത്തി ദിലീപിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ധീരജ്, മിയ.