കൽപറ്റ: ജയ് ഭീം സിനിമ കണ്ട് സൈബർ ലോകത്ത് ഏറ്റവും അധികം ഊറ്റം കൊണ്ടത് സൈബർ സഖാക്കളായിരുന്നു. എന്നാൽ, ദളിത് വിഷയങ്ങളിൽ അടക്കം കേരളത്തിലെ സിപിഎമ്മുകാർ ഇപ്പോഴും ഇരട്ടത്താപ്പിലാണ്. ഈ ആരോപണം ശക്തമാക്കുന്ന സംഭവാണ് വയനാട്ടിലെ മീനങ്ങാടിയിൽ നിന്നം പുറത്തുവരുന്നത്. ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷ്ടിച്ചെന്ന കേസിൽ കുടുക്കിയതായാണ് ഉയരുന്ന ആരോപണം.

വയനാട് മീനങ്ങാടി സ്വദേശിയായ യുവാവിന്റെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിനെതിരെ രംഗത്തുവന്നത്. ഒരാഴ്ച മുമ്പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചെന്നാരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ടുപോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.

22കാരനായ ദീപുവിനെക്കുറിച്ച് പൊലീസ് ഉന്നയിക്കുന്ന വാദം നാട്ടുകാരും നിഷേധിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച പൊലീസ്, ദീപു കുറ്റം സമ്മതിച്ചതായും പറയുന്നു. എന്നാൽ കൂലിവേല ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും പൊലീസ് കെട്ടിചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.

മാനന്തവാടി ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലായ ദീപുവിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. സൈബർ ലോകത്തിലും പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ വിഷയത്തിൽ അമ്മിണി എന്നായാൾ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

മീനങ്ങാടി പഞ്ചായത്ത് അത്തിക്കടവ് പണിയ കോളനിയിലെ ദിപു 25 Age നെ ബത്തേരി പൊലീസ് കള്ളക്കേസിൽ പ്രതിയാക്കി ക്രൂരമായി മർദ്ദിച്ചു ജയലിൽ അടച്ചിരിക്കുന്നു, വാഹനം ഓടിക്കാൻ അറിയാത്ത ഇവർ വാഹനം മോഷണം നടത്തിയതായി ആരോപണം .വാഹനം ഓടിക്കാൻ അറിയാത്ത ദിപു 2 kgm ദൂരം വാഹനം ഓടിച്ചതായി പൊലീസ് മഗസറിൽ എഴുതി ചേർത്തിയതായി ബന്ധുക്കൾ പറയുന്നു, അറസ്റ്റ് ചെയ്ത് വെള്ളി ആഴ്ച നവംബർ 5ന് ആണ് .ശനിയാഴ്ച ബന്ധുക്കൾ ബത്തേരി സ്റ്റേഷനിൽ കാണാൻ ചെന്നപ്പോൾ ക്രൂരമായി പൊലീസ് മർദ്ദിച്ചത് ബന്ധുക്കളുടെ മുന്നിൽ വെച്ച്, മർദ്ദനത്തിൽ ചുണ്ട് പൊട്ടി ചോര ഒഴുകുന്നുണ്ടായിന്നു മുഖത്ത് നീര് വന്നു .ചെവി യുടെ കേൾവി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ദിപു ബന്ധുക്കളോട് പറഞ്ഞു, നിർത്തിട്ട വാഹനത്തിൽ പുറകിൽ ചാരി നിന്ന താണ് ദിപുചെയ്ത കുറ്റം,,, ഇദ്ദേഹത്തിന് നീതി കിട്ടുവാൻ വേണ്ട ഇടപെടൽ നടത്തുവാൻ നീതിബോധമുള്ള എല്ലാ മനുഷ്യാവകാശ പ്രവർത്തകരും ഇടപെടുക ... പൊലീസിന്റെ ഭാഗത്ത് ഉണ്ടായ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, .. കേസിന്റെ സമഗ്രമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് ഉണ്ടാകണം.. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുക...