പൊതുനിരത്തിലിറങ്ങി ആഹ്ലാദപ്രകടനം നടത്താൻ കഴിയാത്തതിന്റെ നിരാശ വിജയിച്ച സ്ഥാനാർത്ഥികളുടെ അണികൾ തീർത്തത് സാമൂഹ്യമാധ്യമങ്ങളിലാണ്. ഭരണ തുടർച്ചയെന്നും പ്രതിപക്ഷ തുടർച്ചയെന്നും പറഞ്ഞ് ഭരണകക്ഷി പ്രതിപക്ഷത്തെ ട്രോളുമ്പോൾ ജയിച്ച പാർട്ടിയും അക്കൗണ്ട് അടഞ്ഞ പാർട്ടിയും തമ്മിൽ അന്തർധാര സജീവമാണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പരാജയമറിഞ്ഞ പാർട്ടികളെയും സ്ഥാനാർത്ഥികളെയും പഞ്ഞിക്കിട്ടുള്ള ട്രോളുകളുടെ പെരുമഴയായി പിന്നീട്.

ഇത്തവണ ട്രോളന്മാർ ഏറ്റവുമധികം കൈവച്ചത് മെട്രോമാന്റെ പുറത്താണ്. മെട്രോ ദുരന്തമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപനയ്ക്ക് എന്നൊക്കെയായിരുന്നു ഇ ശ്രീധരന്റെ തോൽവിയോടുള്ള ട്രോളന്മാരുടെ പ്രതികരണം. തുടർഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി അക്കൗണ്ട് തുറന്നേയ്ക്കുമെന്ന് അവസാന നിമിഷം വരെ മറ്റ് പാർട്ടിക്കാർ ഭയന്ന ശ്രീധരനെ പരാജയപ്പെടുത്തിയ ഷാഫിയും ആയിരുന്നു ഇന്നലെ ട്രോളന്മാരുടെ ഹീറോ.

സിനിമാസ്റ്റൈൽ പ്രഖ്യാപനങ്ങളുമായി എല്ലാമൽസരങ്ങളിലും കളം നിറയുകയും അവസാനനിമിഷം വരെ വിജയപ്രതീക്ഷ സൃഷ്ടിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയേയും ട്രോളന്മാർ വെറുതെ വിട്ടില്ല. 'തൃശൂർ ഞാൻ അവിടെത്തന്നെ വെച്ചിട്ടുണ്ട്' പോലുള്ള ട്രോളുകൾക്ക് ഇന്നലെ വലിയ ഓട്ടമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും രണ്ട് മണ്ഡലങ്ങളിൽ മൽസരിച്ച കെ. സുരേന്ദ്രനെയും ഫിറോസ് കുന്നൻപറമ്പിലിനെയുമൊന്നും ട്രോളന്മാർ വെറുടെ വിട്ടില്ല.

24 ചാനലിന്റെ അതിരാവിലെ 4 മണിക്ക് തന്നെയുള്ള റിപ്പാർട്ടിങും മാതൃഭൂമി ചാനലിന്റെ റിപ്പോർട്ടിങ്ങിന്റെ വേഗതയുമെല്ലാം ട്രോളുകൾക്ക് വിഷയമായി. തമാശയ്‌ക്കൊപ്പം താത്ത്വികമായ അവലോകനങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നു ട്രോളുകളിൽ.

വിധിയെത്തുന്നതിന്റെ തലേന്ന് പിരിമുറുക്കം കുറയ്ക്കാൻ ഒരു 'സാമ്പാർ അവലോകന'ത്തിൽ തുടങ്ങിയതാണ് സാമൂഹികമാധ്യമങ്ങളിലെ വോട്ടെണ്ണൽമേളം. വിധിയറിയും ദിവസം പൊങ്കാലയും ട്രോൾമഴയുമായി ഓൺലൈനിൽ എരിപൊരിയാഘോഷം. ഫലപ്രഖ്യാപനത്തിനുമുമ്പും ശേഷവുമായി ആഘോഷപ്പെരുമഴ തീർക്കുന്നതിൽ ട്രോളന്മാർത്തന്നെയാണ് മുമ്പിൽ. ഓരോ മിനിറ്റിലും വോട്ടർമാർ തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരുന്നു. ആഹ്ലാദം നിറഞ്ഞ വെല്ലുവിളികളുണ്ട്, നിരാശകളുണ്ട്, സങ്കടം പറച്ചിലുകളുണ്ട്. വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ലാദചിത്രങ്ങളുമായും പരാജയപ്പെട്ടവർ നന്ദിപറഞ്ഞും രംഗത്തെത്തി. ലീഡ് ചെയ്ത സ്ഥാനാർത്ഥികൾ വിജയമുറപ്പിക്കുംമുമ്പേ വാട്‌സാപ്പ് സ്റ്റാറ്റസുകളിൽ ജയിച്ചെന്നുറപ്പിച്ച് പണി കിട്ടിയവരും കുറവല്ല.