തൃശൂർ: കാട്ടൂർക്കടവിൽ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നന്ദനത്തു പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിലാണ് കരാഞ്ചിറ സ്വദേശി നിഖിൽ, പുല്ലഴി സ്വദേശി ശരത്ത് എന്നിവരെ കാട്ടൂർ പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഗുണ്ടാ നേതാവ് ദർശൻ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി കൊല്ലപ്പെട്ടത്.

ലക്ഷ്മിയുടെ ഭർത്താവും ഗുണ്ടാ സംഘവും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായായിരുന്നു ആക്രമണം. രാത്രി പത്ത് മണിയോടെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്‌ത്തിയത്.

അറസ്റ്റിലായ നിഖിലിന്റെ കടയിൽ ഹരീഷ് പുകവലിക്കുന്നതിനെച്ചൊല്ലി തർക്കം നടന്നിരുന്നു. തുടർന്ന് ഹരീഷ് നിഖിലിന്റെ വീട്ടിലെത്തി അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തി. ഇതിന്റെ വൈരാഗ്യം തീർക്കാൻ നിഖിൽ ഗുണ്ടകൾക്കൊപ്പം വീട്ടിലെത്തിയെങ്കിലും ഹരീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഭാര്യയെ ആക്രമിച്ചത്. സംഭവ ശേഷം ഓട്ടോയിൽ രക്ഷപ്പെട്ട പ്രതികളെ ചേലക്കരയിൽ നിന്നാണ് പിടികൂടിയത്. ദർശൻ, രാകേഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.

സംഭവത്തിന് ശേഷം ലക്ഷ്മിയുടെ ഭർത്താവ് ഹരീഷും ഒളിവിലാണ്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ ഇയാളെ പൊലീസ് തിരയുകയാണ്. ലക്ഷ്മിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.