കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നത്തെ സാഹചര്യത്തിൽ ടാക്സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ബിജെപി നേതാവ് എംടി രമേശ്.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ പ്രചാരണങ്ങൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്താനുള്ള പാർട്ടി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ എംടി രമേശ്.

'പൊതുവെ തെരഞ്ഞെടുപ്പിൽ ബിജെപി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങൾ വിമർശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടർ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്.

സിപിഎം ഒരു ഹെലികോപ്ടർ വാടകയ്ക്കെടുത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങൾ വിമർശിക്കാറില്ല. ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസർകോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്,' എംടി രമേശ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് രണ്ടിടത്ത് മത്സരിക്കുന്നത് പാർട്ടിയുടെ വിജയ സാധ്യത വർധിപ്പിക്കുന്നെന്നും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും കെ സുരേന്ദ്രന്റെ സജീവ സാന്നിധ്യമുണ്ടാവുമെന്നും എംടി രമേശ് പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടാണ് പ്രതികരണം.

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രൻ ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളിൽ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാർട്ടി ഹെലികോപ്റ്റർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.