കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹൻ സമ്മതിച്ചു കഴിഞ്ഞു. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനിയിരുന്നു പദ്ധതിയിട്ടത് എന്നാണ് സനു പൊലീസിന് മുന്നിൽ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിച്ചു വരികയാണ്. മകളെ കൊലപ്പെടുത്തിയത് സനുവാണെങ്കിൽ മറ്റാരുടെ എങ്കിലും സഹായം കിട്ടിയിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസിന് ഉത്തരം ലഭിക്കേണ്ടതതുണ്ട്.

സനുവിന്റെ ഒളിവുകാല ജീവിതം അടക്കം തീർത്തും ദുരൂഹമായി തുടരുകയാണ്. ഏറ്റവും കൂടുതൽ മലയാളികൾ ഉള്ള, മലയാളികൾ എത്തുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടൽ തന്നെ ഒളിച്ചു താമസിക്കാൻ എന്തിനു തിരഞ്ഞെടുക്കണം.. എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഒളിച്ചു താമസിക്കുന്നയാൾ എന്തിന് ബോധപൂർവം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിക്കണം? സി.സി.ടി.വി.യില്ലാത്ത ചെറുകിട ലോഡ്ജുകൾ ധാരാളമുള്ള ഇടമാണ് കൊല്ലൂർ.

അവ തിരഞ്ഞെടുക്കാതെ പ്രദേശത്തെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്ന് എന്തിന് തിരഞ്ഞെടുക്കണം? ഹോട്ടലിൽ പണം നൽകാതെ മുങ്ങിയാൽ പൊലീസിൽ പരാതി പോകുമെന്നും അത് തനിക്ക് വിനയാകുമെന്നും ഉറപ്പുള്ളയാൾ അത്തരമൊരു സാഹസത്തിനു മുതിർന്നത് ബോധപൂർവമാകില്ലേ? മറ്റാരെയെങ്കിലും രക്ഷിക്കാൻ സനു മോഹൻ ശ്രമിക്കുന്നുണ്ടോ...? തന്റെ ആധാർ വിവരങ്ങളാണ് സനു ഹോട്ടലിൽ നൽകിയത്. ആദ്യം പൊലീസിനെ വഴിതെറ്റിക്കാൻ കാർ വാളയാർ ചെക്പോസ്റ്റ് കടത്തുകയും പിന്നീട് ദിവസങ്ങൾക്കു ശേഷം കർണാടകയിൽ ബോധപൂർവം പിടിയിലാവാനുള്ള വഴിയൊരുക്കുകയായിരുന്നോ സനു മോഹൻ...? അങ്ങനെയെങ്കിൽ എന്തിന്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.

ഏപ്രിൽ 10 മുതൽ 16 വരെ കൊല്ലൂരിലെ ബീന റസിഡൻസിയിൽ സനു മോഹൻ തങ്ങിയെന്ന വിവരം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അതിനു മുമ്പുള്ള 19 ദിവസം സനു എവിടെയായിരുന്നു. കോയമ്പത്തൂരിലെ സുഗുണപുരത്ത് സനുവിന്റെ കാർ കടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഉണ്ട്. പക്ഷേ അതിൽ സനു ഉണ്ടോ എന്ന് വ്യക്തമല്ല. എവിടെയോ സനു ഒളിവിൽ താമസിച്ചിട്ടുണ്ട്. അതെവിടെ...? ഇത്ര ദിവസം ഹോട്ടലുകളിലെവിടെയെങ്കിലും തങ്ങിയിട്ടുണ്ടെങ്കിൽ ഇതിനകം കണ്ടെത്തേണ്ടതായിരുന്നു. ആരോ സനുവിനെ ഒളിച്ചു താമസിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം.

സനു മോഹന്റെ കാർ മാർച്ച് 22-ന് പുലർച്ചെ വാളയാർ ചെക്പോസ്റ്റ് കടക്കുന്നത് കണ്ടെത്തിയിരുന്നു. സനുവിനെ പിടിക്കുന്നത് കർണാടകയിലെ കാർവാറിൽ നിന്നും. ഇതെങ്ങനെ സംഭവിച്ചു? ഒന്നുകിൽ സനു മോഹൻ തമിഴ്‌നാട്ടിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. കാർ ഉപേക്ഷിച്ച ശേഷം തിരികെ ബസിലോ തീവണ്ടിയിലോ കർണാടകയിലെ കൊല്ലൂരിലേക്ക് യാത്ര ചെയ്തു. അല്ലെങ്കിൽ സനു കർണാടകയിലേക്ക് കടന്നപ്പോൾ പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ ആരോ അയാളുടെ കാർ വാളയാർ ചെക്പോസ്റ്റ് കടത്തിയിട്ടുണ്ട്. സനുവിന് കൂട്ടാളികളുണ്ടോ? ആരുടെയെങ്കിലും ഭീഷണിത്തുമ്പിലായിരുന്നോ സനു? തൃശ്ശൂർ പാലിയേക്കര ടോൾപ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സനുവിന്റെ കാർ പതിഞ്ഞിട്ടില്ല. ഇതിനർഥം സനു സഞ്ചരിച്ചത് മുട്ടാർ-മഞ്ഞുമ്മൽ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ വഴി ആയിരിക്കണം.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ സി.സി.ടി.വി. തകരാറിലായ ശേഷം കേടുപാട് തീർക്കാതിരുന്നത് ബോധപൂർവമാണോ. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് സി.സി.ടി.വി. തകരാറിലായത്. സനു മോഹനാണ് ഫ്‌ളാറ്റിലെ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കേണ്ടയാൾ. സി.സി.ടി.വി. ശരിയാക്കാതിരുന്നതിലൂടെ ആസൂത്രിതമായ നീക്കം സംഭവത്തിനുണ്ടായിട്ടുണ്ടോ? എന്ന ചോദ്യത്തിനും ഉത്തരം സനു നൽകിയേ മാതിയാകൂ.

ഭാര്യയെ അമ്പലപ്പുഴയിലെ ബന്ധു വീട്ടിലാക്കിയ ശേഷം മറ്റൊരു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് സനു മോഹൻ മകളെ മാത്രം ഒപ്പം കൂട്ടി കാക്കനാട്ടേക്കു വന്നതെന്തിനാണ്? 5 വർഷമായി കാക്കനാട്ടെ ഫ്‌ളാറ്റിൽ ഏറെക്കുറെ ഒളിച്ചു താമസിക്കുകയായിരുന്നു സനു മോഹനെന്നാണു ബന്ധുക്കളും നാട്ടുകാരും നൽകിയ മൊഴികളിലുള്ളത്. ആരെയാണു സനു മോഹൻ ഭയന്നത്? 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 4 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് നിക്ഷേപവുമുണ്ടെന്നു സനു മോഹൻ പറഞ്ഞതായി ബന്ധുക്കളുടെ മൊഴിയുണ്ട്. പക്ഷേ, അക്കൗണ്ടിൽ ഇത്രയും പണമില്ലെന്നാണു പൊലീസ് കണ്ടെത്തിയത്.

പുണെ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണു വിവരം. പുണെയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു. സനു മോഹന്റെ ബിസിനസ് എന്തായിരുന്നുവെന്നും ആരൊക്കെയാണു പങ്കാളികളെന്നും ഭാര്യ പോലും അറിയാതെ പോയതെന്തു കൊണ്ട്? കൊല്ലൂരിൽ താമസിക്കവേ സനു മോഹൻ കൂടിക്കാഴ്ച നടത്തിയ സംഘം ആരാണ്? എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കേസിൽ ഉത്തരങ്ങൾ ലഭിക്കുകയുള്ളൂ.