വർക്കല: വർക്കലയിലെ ഹെലിപ്പാഡിനു സമീപമുള്ള റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചുവന്ന തമിഴ്‌നാട് സ്വദേശിനിയായ എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം തുടരും. അസ്വാഭാവിക മരണത്തിന് വർക്കല പൊലീസ് കേസെടുത്തു. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ൽ മഹേഷ് കണ്ണന്റെ മകൾ ദഷ്രിത(21) യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ദഷ്രിതയുടെ സഹപാഠികൾ വർക്കല സ്റ്റേഷനിൽ തുടരുകയാണ്. വീണ്ടും ഇവരുടെ മൊഴിയെടുത്തശേഷം വ്യവസ്ഥകളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കാനാണ് പൊലീസ് തീരുമാനം

വിദ്യാർത്ഥിനി താമസിച്ചിരുന്ന ഹെലിപ്പാഡിനു സമീപത്തെ റിസോർട്ടിൽ ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ ചൊവ്വാഴ്ച പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും. കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയായ ദഷ്രിത സഹപാഠികൾക്കൊപ്പമാണ് റിസോർട്ടിലെത്തിയത്. ദഷ്രിത ഉൾപ്പെടെ എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് താമസിച്ചിരുന്നത്. ജന്മദിന പാർട്ടിക്കെന്ന് പറഞ്ഞാണ് വർക്കലയിൽ എത്തിയത്.

തിങ്കളാഴ്ച പുലർച്ചെ ദഷ്രിതയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ദഷ്രിതയുടെ അമ്മയും ബന്ധുക്കളും റിസോർട്ടിൽ ഒപ്പമുണ്ടായിരുന്നവരുടെ രക്ഷിതാക്കളും വർക്കല സ്റ്റേഷനിലെത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തു. ദഷ്രിതയ്ക്ക് ശ്വാസംമുട്ട് വരാറുള്ളതായി ബന്ധുക്കൾ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്.

അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ദഷ്രിതയും സഹപാഠികളും താമസിച്ച റിസോർട്ടിലെ മുറികൾ ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചു. കഴിച്ച ആഹാരത്തിന്റെ വേസ്റ്റ് സാമ്പിളുകൾ ശേഖരിച്ചു. ഇവരുടെയെല്ലാം ബാഗുകളും മൊബൈൽ ഫോണുകളും പരിശോധിച്ചു.

നാല് ആൺകുട്ടികളും ദഷ്രിതയടക്കം നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. 20-നാണ് ദഷ്രിതയും ഒരു ആൺകുട്ടിയും റിസോർട്ടിലെത്തിയത്. മറ്റുള്ളവർ 17 മുതൽ റിസോർട്ടിൽ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ബർത്ത് ഡേ പാർട്ടിക്കായി എത്തിയെന്നാണ് ഇവർ പൊലീസിനു മൊഴിനൽകിയിട്ടുള്ളത്. ഒപ്പമുണ്ടായിരുന്നവർ നൽകിയ മൊഴികളും പൊലീസ് പരിശോധിക്കുന്നുണ്ട്. വർ താമസിച്ചിരുന്ന റിസോർട്ടിലെ മുറികൾ സീൽചെയ്ത് പൊലീസ് നിരീക്ഷണത്തിലാക്കി.

തിങ്കളാഴ്ച രാവിലെ 6.30ഓടെ ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും വായിൽ നിന്നു നുരയും പതയും വരികയും ചെയ്തു. സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.