തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മയാണ് മകനെ കൊന്നത് എന്ന് പൊലീസിന് തെളിയിച്ചത്. അമ്മ നാദിറ (43)നെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

തൂങ്ങിമരണമാണെന്നാണ് സിദ്ദിഖിന്റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം. ആത്മഹത്യയാണ് എന്നാണ് ആദ്യ ഘട്ടത്തിൽ കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യതയുണ്ടെന്ന് ഫോറൻസിക് സർജന്മാർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

മകന്റെ മർദ്ദനം സഹിക്കാൻ വയ്യാതെയാണ് മാതാവ് മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. സിദ്ദിഖ് മരിക്കുന്ന ദിവസവും സഹോദരിയെ മർദിച്ചിരുന്നു. സഹോദരിയെ മർദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്. മയക്കു മരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മർദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കുടുംബത്തിന് സിദ്ദിഖ് നിരന്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിലും കൊലപാതകം മനഃപൂർവ്വം പദ്ധതിയൊരുക്കി ചെയ്തതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം കുറ്റകൃത്യം ഒളിച്ചുവെച്ചതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടന്നേക്കും. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.