തിരുവനന്തപുരം: കരമനയിൽ വൈശാഖ് എന്ന യുവാവ് അപ്പാർട്ട്‌മെന്റിൽ കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. രണ്ട് വനിതകൾ അടങ്ങുന്ന നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺവാണിഭ സംഘത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ്. പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്‌മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാർട്ട്‌മെന്റിൽ രണ്ടു മുറികൾ വാടകയ്‌ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്. പൊലീസ് പിടിയിലായ വെഞ്ഞാറമൂട് സ്വദേശിനി ഷീബയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത,് ഷീബ, കവിത എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ലിംഗത്തിലുൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാൽ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീൻ സുരേഷ് പറയുന്നത്.

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ പെൺവാണിഭ സംഘങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നീണ്ടേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.