തിരുവനന്തപുരം: പിണറായി സർക്കാറിന്റെ രണ്ടാം മന്ത്രിസഭ ഉച്ചയ്ക്ക് അധികാരമേൽക്കുമ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കാതെ കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. അതേസമയം മാറ്റം വേണമെന്ന ആവശ്യത്തിന് ഹൈക്കമാൻഡ് ചെവികൊടുത്താൽ സതീശന് നറുക്കുവീഴും.

21ൽ 19 പേരുടെയും പിന്തുണ ചെന്നിത്തലക്കെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ടായെന്ന് സതീശൻ അനുകൂലികൾ വാദിക്കുന്നു. ഉമ്മൻ ചാണ്ടി ചെന്നിത്തലയെ പിന്തുണച്ചിട്ടും എ ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ സതീശനെ പിന്തുണച്ചെന്നാണ് വിവരം. കേരളത്തിലെ തോൽവി വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഹൈക്കമാൻഡ്. മുതിർന്ന നേതാക്കളോടും എംഎൽഎമാരോടും ഇതിനായി ചുമതലപ്പെടുത്തിയ സമിതി സംസാരിക്കാനിരിക്കുകയാണ്. കേരളത്തിലെ തിരിച്ചടിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടും സമിതിക്ക് മുൻപിലുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പുകളൊന്നും തൽക്കാലം മുൻപിലില്ലാത്തതിനാൽ കേരളഘടകത്തിൽ ഉടൻ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് മുതിർന്ന സംസ്ഥാന നേതാക്കൾക്ക്. പ്രതിപക്ഷ നേതാവായി തുടരണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. സമവായമെന്ന നിലക്ക് മുല്ലപ്പള്ളിക്കും തുടർ അവസരം നൽകുന്നതിൽ ഐ ഗ്രൂപ്പിലെ ചെന്നിത്തല അനുകൂലികൾക്ക് എതിർപ്പില്ല. 21 എംഎൽഎമാരിൽ 12 പേർ ഐ ഗ്രൂപ്പും, 9 പേർ എ ഗ്രൂപ്പുമാണ്. ഇതിൽ സുധാകരൻ , കെ സി വേണുഗോപാൽ പക്ഷക്കാരുമുണ്ട് . ദേശീയ തലത്തിൽ ചുമതല നൽകാനുള്ള ആലോചനകളിൽ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുവെ ദുർബലമായ ഹൈക്കമാൻഡും കേരളത്തിലെ പുനഃസംഘടനയിൽ ധർമ്മ സങ്കടത്തിലാണെന്നാണ് വിവരം.

അതിനിടെ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ സസ്‌പെൻസ് തുടരവേ പിണറായി വിജയനുമായുള്ള ബന്ധം വിവരിച്ചു കൊണ്ട് വി ഡി സതീശൻ എംഎൽഎ രംഗത്തെത്തി. പുതിയ സർക്കാറിന് അദ്ദേഹം ആശംസകൾ നേർന്നു. ഒരു കാര്യത്തിന് വിളിച്ചാൽ അതിന് കൃത്യമായ മറുപടിയും തീരുമാനമുണ്ടാവുമെന്നത് പിണറായി വിജയനോട് അടുപ്പം തോന്നിച്ച ഘടകമാണെന്ന് വിഡി സതീശൻ പറഞ്ഞു.

'മഹാപ്രളയത്തിന്റെയും കോവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചിട്ടുണ്ട്, പലവട്ടം. ഒന്നുകിൽ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കിൽ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട പറയുന്ന കാര്യ ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസാരിച്ചാൽ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും. എന്തായാലും വിളിച്ചാൽ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്,' വിഡി സതീശൻ പറഞ്ഞു. മലയാള മനോരമയോടാണ് പ്രതികരണം.