പരവൂർ: ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പരവൂർ പൊലീസ് നടപടി എടുക്കാത്തതിൽ മനം നൊന്ത യുവതി സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പരവൂർ കുറുമണ്ടൽ ചരുവിള വീട്ടിൽ ഷാജഹാൻ സിമി ദമ്പതികളുടെ ഇരുപത്തിരണ്ടുകാരിയായ മകൾ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാല് വർഷം മുൻപാണ് ഷംനയെ കോട്ടപ്പുറം സ്വദേശിയായ അനൂപ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. ഇതിനെതിരേ കുടുംബകോടതിയിൽ കേസ് നടന്നു വരവേ മധ്യസ്ഥ ചർച്ചയിൽ ഇവർ വീണ്ടും ഒരുമിച്ചു. ശേഷം വീണ്ടും പീഡനം തുടർന്ന സാഹചര്യത്തിൽ നവം: 14 ന് പരവൂർ പൊലീസിൽ പരാതി നല്കി.

അനൂപിനും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾക്ക് എതിരേയുമാണ് ഷം ന പരാതി നല്കിയത്. എന്നാൽ അവർക്കെതിരേ കേസ് എടുക്കാതെ പരാതിക്കാരിയായ ഷംനക്കെതിരേ എതിർകക്ഷികൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും താൻ നല്കിയ പരാതി പിൻവലിച്ചില്ലായെങ്കിൽ തനിക്കെതിരേ ഭർതൃ വീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി കേസെടുക്കുമെന്നും പരവൂർ എസ്എച്ച്ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു.

ഇതിനെതിരേ ചാത്തന്നൂർ എ.സി.പിക്കു പരാതി നല്കിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലായെന്നും അവർ പറഞ്ഞു. ഇതിനെതിരേ ജില്ലാ പൊലീസ് മേധാവി , ഡി.ജി.പി , മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നല്കിയെങ്കിലും നടപടിയായില്ല. ഇന്ന് വീണ്ടും താൻ നല്കിയ പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയ ഷംനയോട് പരവൂർ സിഐ പരിഹസിക്കുന്ന തരത്തിൽ സംസാരിച്ചെന്നും അതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു.

എന്നാൽ ഷംനയുടെ പരാതിയിൻ മേൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ പരാതിയിൽ പറയുന്ന സംഭവങ്ങൾക്ക് അന്വേഷണത്തിൽ തെളിവുകൾ ലഭ്യമാകാത്തതിനാൽ പ്രതികളായി ആരോപിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടില്ലായെന്നും. കൂടുതൽ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് പ്രതികളെ കസ്റ്റഡിയിൽ എടുക്കുമെന്നും പരവൂർ പൊലീസ് അറിയിച്ചു.