കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തോട്ടം തൊഴിലാളി മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. മൂപ്പൻകുന്നിൽ പരശുരാമന്റെ ഭാര്യ പാർവതി (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് പാർവതിയെ കാട്ടാന ആക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഊട്ടി-കോഴിക്കോട് സംസ്ഥാന പാത ഉപരോധിച്ച നാട്ടുകാരുമായി തഹസിൽദാർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, മേപ്പാടി പൊലീസ് എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കൊല്ലപ്പെട്ട പാർവതി ചെമ്പ എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവിടുത്തെ ജോലി കഴിഞ്ഞ് മടങ്ങും വഴി കഴിഞ്ഞ മാസം 30ന് കുന്നമ്പറ്റയിൽ വെച്ച് ആനക്ക് മുമ്പിലകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അടിയന്തിര ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് വനംവകുപ്പിൽ താൽക്കാലിക ജോലിയും നൽകാമെന്നുള്ള തഹസിൽദാരുടെ ഉറപ്പിന്മേൽ ജനങ്ങൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പ്രദേശത്ത് വർഷങ്ങളായി ആനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് രണ്ട് തൊഴിലാളികൾ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. അന്നും പ്രതിഷേധങ്ങളുണ്ടായെങ്കിലും വനംവകുപ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ജോലി നൽകുമെന്ന് അന്നും വനംഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറവും സ്ഥിതി ഗുരുതരമായി തുടരുകയാണ്.അതേ സമയം ഭീതിയോടെയാണ് തങ്ങൾ ഓരോ ദിവസവും ജോലിക്കിറങ്ങുന്നതും തിരിച്ചെത്തുന്നതുമെന്ന് തൊഴിലാളികൾ പറഞ്ഞു.