എരുമപ്പെട്ടി: തൃശൂരിൽ യുവാവിന് അതിദാരുണ മരണം. മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും പൈശാചികമായ രീതിയിലാണ് യുവാവിന്റെ സുഹൃത്തുക്കളായ മൂവർ സംഘം ചേർന്ന് കൊലനടത്തിയത്. വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ സനീഷാണ് (27) മരിച്ചത്. വേലൂർ ചുങ്കത്തിനു സമീപം കോടശേരി കോളനിയിൽ വച്ചാണ് സനീഷ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിലായി.

യുവാവിനെ മൂവർ സംഘം മരത്തിൽ കെട്ടിയിട്ട് മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ചിയ്യാരം ആലംവെട്ടുവഴി കോങ്ങാട്ടുപറമ്പിൽ ഇസ്മായിൽ (38), സുഹൃത്ത് മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് വീട്ടിൽ അസീസ് (27), ഇസ്മായിലിന്റെ ഭാര്യ സമീറ (നാഗമ്മ- 23) എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിചെയ്തും ലോറി ഓടിച്ചും കഴിയുകയായിരുന്ന ഇയാൾ കോളനിയിലെ നിത്യസന്ദർശകനായിരുന്നു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട സനീഷ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ടയാളും ഇസ്മായിലും അസീസും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളും തൃശൂരിലെ ഗുണ്ടാസംഘാംഗങ്ങളുമാണ്. കൊല്ലപ്പെട്ട സനീഷ് കോളനിയിലെ നിത്യ സന്ദർശകനായിരുന്നു. നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉൾപ്പെടെയുള്ള പ്രതികളും ഒരുമിച്ച് സമീറയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ വാക്കുതർക്കവും വഴക്കുമുണ്ടാകുകയുമായിരുന്നു. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.

കോളനിയിലെ മറ്റു വീട്ടുകാർ ഇവരുടെ വഴക്കുകണ്ട് ഇവിടെ നിന്നു സ്ഥലം വിട്ടു. രാത്രി പത്തുമണിയോടെ പരിസരവാസികൾ എത്തിയപ്പാേഴും പ്രതികൾ സനീഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച നാട്ടുകാരെ ഇസ്മായിൽ കൊടുവാൾ വീശി ഭീഷണിപ്പെടുത്തി അകറ്റി. സനീഷിനെ ആശുപത്രിയിലെത്തിക്കാൻ ചിലർ ആംബുലൻസ് വരുത്തിയെങ്കിലും ആംബുലൻസ് ഡ്രൈവറെ ഇസ്മായിൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇതിനിടയിൽ അതിക്രൂരമായ മർദ്ദനവും വെട്ടും കുത്തും മൂലം യുവാവ് മരിക്കുക ആയിരുന്നു.

പൊലീസ് സ്ഥലത്തെത്തുന്നതിനുമുൻപെ സനീഷ് മരിച്ചു. മരത്തിൽ കെട്ടിയിരുന്ന കയർ അറുത്ത് മൃതദേഹം നിലത്തുകിടത്തിയ നിലയിലായിരുന്നു. തലയിൽ വെട്ടേറ്റ മുറിവുകളും ശരീരമാകെ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഷർട്ട് അല്ലാതെ മറ്റ് വസ്ത്രങ്ങളൊന്നും ശരീരത്തിലുണ്ടായിരുന്നില്ല. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.