കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി ലൈംഗിക ചൂഷണം നടത്തുന്ന യുവാവ് പിടിയിൽ. പൊന്നാനി ടി.ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റെകത്ത് വീട്ടിൽ ജാബിറെന്ന് ഇരുപത്തിയൊന്നുകാരനാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്ത് ഇയാൾ ഒടുവിൽ പിടിയിലായത് 16 കാരിയെ കാണാനില്ലെന്ന പരാതിയിലാണ്.

അച്ഛനില്ലാത്ത 16 വയസ്സുകാരിയെ വീട്ടിൽ നിന്ന് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കൊണ്ടോട്ടി സ്‌റ്റേഷനിൽ പരാതി നൽകിയതാണ് വഴിത്തിരിവായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ നമ്പറിൽ ബന്ധപ്പെടുകയും കോട്ടക്കലിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. ചങ്കുവെട്ടി ജങ്ഷനിൽ എവിടേക്കാണ് പോകേണ്ടതെന്നറിയാതെ ചുറ്റിത്തിരിഞ്ഞ പെൺകുട്ടിയെ ഉടൻതന്നെ കൊണ്ടോട്ടി പൊലീസ് കൂട്ടിക്കൊണ്ടുപോന്നു.സമാധാനമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ജാബിറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തന്റെ വിലപ്പെട്ടതെല്ലാം കവരാൻ ശ്രമിച്ചെന്നും പെൺകുട്ടി പറഞ്ഞു. പരിചയപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ ക്ലാസിനെന്ന് പറഞ്ഞ് വലിയമ്മയുടെ ഫോൺ വാങ്ങിയിരുന്നെന്നും അതിൽ ഇൻസ്റ്റഗ്രാം വഴി പ്രതിയെ പരിചയപ്പെടുകയായിരുന്നെന്നും പെൺകുട്ടി സമ്മതിച്ചത്.സുന്ദരനാണെന്ന് കാണിക്കാൻ ഫോട്ടോയിൽ കൃത്രിമം കാണിച്ചാണ് ജാബിർ പെൺകുട്ടിയെ പരിചയപ്പെട്ടത്.തുടർന്ന് മലപ്പുറം സൈബർ പൊലീസിെന്റ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ പൊന്നാനി ബീച്ചിൽ വച്ചാണ് ഇയാൾ പിടിയിലായത്.

ഫോൺ കണ്ട് ഞെട്ടി പൊലീസ്.. പെൺകുട്ടികളെ പീഡിപ്പിച്ചതായും സ്വർണം തട്ടിയതായും പ്രതി

സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് ജാബിർ തന്റെ ഇരകൾക്കാി വലവിരിച്ചിരുന്നത്. ഇൻസ്റ്റഗ്രാം വഴിയും ടിക്ടോക് പോലെയുള്ള മറ്റ് വിഡിയോ ആപ്പുകൾ വഴിയുമാണ് ജാബിർ കെണിയൊരുക്കിയത്.ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ ഇയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.ഓൺലൈൻ ക്ലാസിനെന്ന് പറഞ്ഞ് ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളെയാണ് പ്രധാനമായും ഇയാൾ ലക്ഷ്യമിട്ടത്.ഇയാളെ വിശദമായ ചോദ്യം ചെയ്ത പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടി.പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ 12നും 17 നുമിടയിൽ പ്രായമുള്ള നിരവധി പെൺ കുട്ടികളുടെ വിലാസവും നഗ്നഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഡി.പി ഫോട്ടോകളിൽ കൃത്രിമം നടത്തി പെൺകുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പീഡനത്തിനിരയാക്കലുമാണ് പതിവ്.തെക്കൻ ജില്ലകളിലെ 12 മുതൽ 18 വയസ്സുള്ള നിരവധി പെൺകുട്ടികളെ ഇയാൾ വലവീശി സൗഹൃദത്തിലാക്കിയിട്ടുണ്ട്.

ടിക് ടോക് മെസേജിലൂടെയാണ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡി.പിയിൽ ചിത്രങ്ങളിട്ട പെൺകുട്ടികളെ നോക്കിയാണ് ഇയാൾ സൗഹൃദം തേടുന്നത്.നഗ്‌നവിഡിയോകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്താൽ വൻതുക ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് നിരവധി ഫോട്ടോകളും വിഡിയോകളും വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തത്.ഇതിനുശേഷം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി. വിശദമായ ചോദ്യം ചെയ്യലിൽ കൊണ്ടോട്ടി സ്വദേശിനിയായ മറ്റൊരു 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നിരവധി നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ അയപ്പിച്ച് വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

കൊണ്ടോട്ടി സിഐ കെ.എം. ബിജു, എസ്‌ഐ വിനോദ് വലിയാട്ടൂർ, സതീഷ് നാഥ്, അബ്ദുൽ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.