മുംബൈ: മഹാരാഷ്ട്രയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 33കാരൻ അറസ്റ്റിൽ. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.നവിമുംബൈയിലെ ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്.

33കാരന്റെ കടയിലെ നിത്യസന്ദർശകനായിരുന്നു ശ്യാമകാന്ത്. ഇതുപോലെ ഓഗസ്റ്റ് 29 ന് കടയിലെത്തിയ ശ്യാമകാന്ത് തന്റെ കൂടെ കിടക്ക പങ്കിടാൻ ഭാര്യയെ അയക്കുമോ എന്ന് യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നൽകി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാൽ പതിനായിരം രൂപ തരാമെന്നായി 80കാരൻ. ഇതിൽ പ്രകോപിതനായ 33കാരൻ ശ്യാമകാന്തിനെ തള്ളിയിട്ടു.വീഴ്ചയുടെ ആഘാതത്തിൽ 80കാരന്റെ തലയിടിച്ചു. ഉടൻ തന്നെ കടയുടെ ഷട്ടർ താഴ്‌ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം ആദ്യം വാഷ്റൂമിൽ സൂക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കുളത്തിൽ കൊണ്ടുപോയി തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. കോടികളുടെ ആസ്തിയുള്ള ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ നിരവധി കടകളും ഫ്ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായും പൊലീസ് പറയുന്നു.

അതിനിടെ സംശയം തോന്നാതിരിക്കാൻ 80കാരനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാൻ മകനൊപ്പം 33കാരനും പോയതായും പൊലീസ് പറയുന്നു. സ്വത്തുവകകളുമായി ബന്ധപ്പെട്ട് 80 കാരനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ സിസിടിവിയിൽ 33കാരന്റെ പങ്ക് വ്യക്തമാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.