കൊച്ചി: യൂട്യൂബിൽ വീഡിയോ ചെയ്യാനായി മോൻസൺ തന്നെ വിളിച്ചു വരുത്തിയതാണെന്ന് യൂട്ഊബർ ശരത് കൃഷ്ണൻ മറുനാടനോട് പ്രതികരിച്ചു. തൃശൂർ സ്വദേശിയായ ശരത് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം കലൂരിലെ മോൺസന്റെ വീട്ടിലെത്തി പുരാവസ്തുക്കൾ കണ്ടിരുന്നു. യൂട്യൂബറായതിനാൽ ഒരു ദിവസം വന്ന് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ജനുവരിയിൽ വീഡിയോ ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിച്ച് ഫോൺ വിളിച്ചതിനെ തുടർന്നാണ് വീഡിയോ ഷൂട്ട് ചെയ്ത് ചാനലിൽ പ്രസിദ്ധീകരിച്ചതെന്നും ശരത് പറഞ്ഞു. മോൻസൺ മാവുങ്കലിനെ തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ വലിയ വിമർശനം നേരിടേണ്ടി വന്നതിനാലാണ് ഇക്കാര്യം വിശദീകരിച്ച് ശരത് രംഗത്ത് വന്നത്. വീഡിയോ ചിത്രീകരിക്കാനായി പണം വാങ്ങിയില്ലെന്നും സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ആണ് നടക്കുന്നതെന്നും ളരത് പറയുന്നു. എങ്ങനെയാണ് മോൻസൺ മാവുങ്കലിനെ പറ്റി അറിഞ്ഞതെന്നും അവിടെയുണ്ടായ അനുഭവങ്ങളും ശരത് വിശദീകരിക്കുന്നു.

ഒരു സുഹൃത്താണ് എറണാകുളത്ത് പുരാവസ്തുക്കളുടെ വലിയ ശേഖരമുള്ള ഒരാൾ ഉണ്ടെന്ന് പറയുകയും മോൻസണെ പരിചയപ്പെടുത്തുകയും ചെയ്യുന്നത്. ഇതിനെ തുടർന്ന് ജനുവരിയിൽ അവിടെ പോയിരുന്നു. യൂട്യൂബറായതിനാൽ വലിയ സ്വീകരണമാണ് അന്ന് അവിടെ കിട്ടിയത്. വീട്ടിൽ നരവധി അംഗരക്ഷകരെ കാണാൻ കഴിഞ്ഞു. വീടിനുള്ളിലേക്ക് കയറുമ്പോൾ എന്റെ മൊബൈൽ ഫോൺ ഒഴിച്ച് കുടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ വാങ്ങി അംഗരക്ഷകർ പ്രത്യേക ലോക്കറിലേക്ക് മാറ്റി. മെറ്റൽ ഡിറ്റക്ടർ വഴിയായിരുന്നു അകത്തേക്ക് കടത്തിവിട്ടത്. വീടിനുള്ളിലും പുറത്തുമായി 49 നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു.

സ്വീകരണ മുറിയിലെ സംസാരത്തിനിടക്ക് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോഹൻലാലും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും കാട്ടിയിരുന്നു. തുടർന്ന് വീട്ടിലെ പുരാവസ്തുക്കളുടെ വലിയ ശേഖരം കാട്ടിത്തരുകയും വിശദീകരിക്കാനായി ഒരു യുവാവിനെയും ഏർപ്പാടാക്കി. അവിടെ വച്ച് പുരാവസ്തു വകുപ്പിന്റെ പല സർട്ടിഫിക്കറ്റുകളും കാണിച്ചു. പ്രാധാനപ്പെട്ടത് ശബരിമലയിലെ ചെമ്പോല തിട്ടൂരമായിരുന്നു. അതിന് പുരാവസ്തു ഗവേഷകനായ വർമ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു.

വീടിനകത്ത് നിറയെ വിവധ തരത്തിലുള്ള കൊത്തുപണികളുള്ള ശില്പങ്ങളാണുണ്ടായിരുന്നത്. വാർത്തകളിൽ കണ്ടതു പോലെ ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, തുടങ്ങീ പലതും കണ്ടു. തിരുശേഷിപ്പുകൾ എന്ന് പറഞ്ഞ് പുറപ്പാട് പുസ്തകത്തിൽ പറയുന്ന മോശയുടെ വടി തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞ് കൈകളിലേക്ക് എടുത്തു തന്നു. ഒരു വടിയിൽ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തിൽ നിന്ന് വാങ്ങിച്ചതാണ് എന്നും 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള വടിയാണ് എന്നും പറഞ്ഞു. രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. പിന്നീട് യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണവും കാട്ടിത്തന്നു. ഇതിന്റെ കൈവശ രേഖകളും കാണിച്ചു.

യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമ്മിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും പ്രദർശിപ്പിക്കുകയും ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അതിപുരാതനവും വർഷങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാൾ പറഞ്ഞു. അറുനൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു പറഞ്ഞത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്‌കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ കാണിച്ചു തന്നു. ഇതിൽ ഏറെ അത്ഭുതകരമായി തോന്നിയത് മരത്തിന്റെ തോലിൽ എഴുതിയ ഖുറാനായിരുന്നു. ഇതിലെ അക്ഷരങ്ങൾ ചുരണ്ടി കളയുമ്പോഴുണ്ടാകുന്ന പൊടി പിന്നീട് തനിയെ വീണ്ടും അക്ഷരങ്ങളിലേക്ക് പറ്റി പിടിക്കുന്നുതാണ്. കാണിച്ചതിൽ മോശയുടെ വടിയും വെള്ളിക്കാശും മാത്രമായിരുന്നു സംശയം ജനിപ്പിച്ചത്. ബാക്കിയുള്ളതെല്ലാം നേരിൽ കണ്ടപ്പോൾ യഥാർത്ഥതാണെന്ന് തന്നെ കരുതി. ഇതെല്ലാം കണ്ടതിന് ശേഷം മടങ്ങുകയായിരുന്നു.

ജനുവരി പകുതിയായപ്പോൾ ഒരു പ്രത്യേക നമ്പറിൽ നിന്നും മോൻസന്റെ വിളി വന്നു. 9000000000 എന്ന നമ്പറിൽ നിന്നായിരുന്നു കോൾ. വീഡിയോ ഷൂട്ട് ചെയ്യാൻ എന്നാണ് വരുന്നതെന്നായിരുന്നു ചോദ്യം. ഉടൻ വരാമെന്ന് മറുപടി നൽകി. അങ്ങനെ ഫെബ്രുവരി ആദ്യം അമ്മയും ക്യാമറാമാനും ഒത്ത് വീണ്ടും കലൂരിലെത്തി. അങ്ങനെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്റെ ഒഴികെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങി വച്ചിരുന്നു. ആരും ചിത്രങ്ങളും മറ്റും എടുക്കരുതെന്ന് അംഗരക്ഷകർ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെയെത്തിയ ആരോ ഒരാൾ മൊബൈലിൽ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ അംഗരക്ഷകർ എത്തി തടയുകയും ചെയ്തു. എല്ലാം കഴിഞ്ഞ് തിരികെ പോരാൻ നേരം ഒരു ഖുറാൻ തരുകയും ചെയ്തു. പണമോ മറ്റു പാരിതോഷികങ്ങളോ സ്വീകരിച്ചതുമില്ല.

വീഡിയോ ഷൂട്ട് ചെയ്തതിന് ശേഷം ഏറെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. അതിനിടക്ക് രണ്ടു വട്ടം മോൻസൺ വിളിച്ച് വീഡിയോ പ്രസിദ്ധീകരിക്കാത്തതെന്താണെന്ന് ചോദിച്ചിരുന്നു. ഫെബ്രുവരി 23 നാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് അടുത്ത വീഡിയോയും പോസ്റ്റ് ചെയ്തു. വീഡിയോ വന്നതിന് ശേഷം എന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. അമേരിക്കയിൽ നിന്നും മറ്റും പലരും വിളിച്ചിരുന്നെന്നും നന്ദി അറിയിക്കണമെന്നും പറഞ്ഞതായി മോൻസൺ പറഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അല്ലാതെ മോൻസണുമായി യാതൊരു പരിചയവും നേരത്തെ ഇല്ല. മോൻസൺ അറസ്റ്റിലായതിന് ശേഷം വലിയ വിമർശനമാണ് എന്ക്കും അമ്മയ്ക്കും നേരെ ഉണ്ടായത്. അതിനാൽ തൽക്കാലത്തേക്ക് വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്.

അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാനായിട്ടോ തട്ടിപ്പിന് കൂട്ടു നിൽക്കുകയോ ചെയ്തിട്ടില്ല. തൃശൂരിൽ ഐ.എ.എസ് ട്രെയിന്ങ് സെന്ററക്കമുള്ള ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. ലോക്ക് ഡൗൺ സമയത്താണ് യൂട്യൂബ് ചാനൽ ഒരു സമയംപോക്കിനായി തുടങ്ങിയത്. ഞാനും അമ്മയും നടത്തുന്ന യാത്രകളും വ്യത്യസ്തമായ കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനായിട്ടുള്ള ശ്രമമാണ്. അതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. പൊലീസിന്റെ ഏതന്വേഷണത്തിനും തയ്യാറാണ്. പൊലീസ് നിർദ്ദേശിച്ചാൽ വീഡിയോ യൂട്യൂബിൽ നിന്നും ഒഴിവാക്കുമെന്നും ശരത് കൃഷ്ണൻ പറഞ്ഞു.