മലപ്പുറം: മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ അംഗം വിജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉടൻ തന്നെ പെൺകുട്ടിയുടെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15നാണ് മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആർഎം ഹയർസെകണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും മേലാറ്റൂർ മണിയാരീണികടവ് മംഗലതൊടി വീട്ടിൽ വിജയന്റെയും ദിലിനയുടെയും മകളുമായ ആദിത്യ വീ്ട്ടിൽ വെച്ച് തൂങ്ങി മരിച്ചത്. പരീക്ഷ ഹാളിൽ വെച്ച് കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷ ചുമതല നിർവ്വഹിച്ചിരുന്ന അദ്ധ്യാപിക അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണെമെന്നാണ് വീട്ടുകാരും സഹപാഠികളും ആരോപിക്കുന്നത്. ഇക്കാര്യ ചൂണ്ടിക്കാട്ടി പൊലീസിന് നൽകിയ പരാതി ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ ഇടപെട്ട് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതിപ്പെട്ടതും കമ്മീഷൻ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും.

ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം മുപ്പതിന് ശേഷം കമ്മീഷൻ അംഗങ്ങൾ പെൺകുട്ടിയുടെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മേലാറ്റൂർ ആർഎം ഹയർസെകണ്ടറി സ്‌കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായെന്ന് പറയപ്പെടുന്ന പരീക്ഷ ചുമതല നിർവ്വഹിച്ച അദ്ധ്യാപികയിൽ നിന്നും കമ്മീഷൻ മൊഴിയെടുക്കും. പരാതി നേരത്തെ അന്വേഷിച്ച മേലാറ്റൂർ പൊലീസുമായി ചേർന്ന് എന്തെല്ലാം കാര്യങ്ങളിലാണ് അന്വേഷണം നടത്തേണ്ടത് എന്ന കാര്യവും തീരുമാനിക്കും.

ആദിത്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് തുടക്കം മുതൽ തന്നെ കുടുംബവും നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ 15ാം തിയ്യതിയാണ് പരീക്ഷ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞെത്തിയ ആദിത്യ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. ആദിത്യ പരീക്ഷക്ക് കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ ചുമതല നിർവഹിച്ചിരുന്ന ടീച്ചർ ക്ലാസ് മുറിയിൽ വെച്ച് അപമാനിച്ചതാണ് മരണത്തിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂളിലെ പരീക്ഷ ചുമതല നിർവഹിച്ചിരുന്ന അദ്ധ്യാപികയാണെന്നും അവർക്കെതിരെ നടപടി വേണമെന്നും വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

വീട്ടിലെ മുകൾ നിലയിലെ മുറിയിലെ ഫാനിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സ്‌കൂളിൽ നിന്ന് എല്ലാ ദിവസവും നടന്ന് വരാളുള്ള അദിത്യ 15ാം തിയ്യതി ഓട്ടോയിലാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഉടനെ സഹോദരിയോട് ഓട്ടോക്കാരന് പണം നൽകാൻ പറഞ്ഞ് കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോകുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ഓട്ടോക്ക് പണം നൽകിയതിന് ശേഷം മുകളിലെ മുറിയിലെത്തി അനുജത്തിയുമായി സംസാരിച്ചപ്പോഴാണ് സ്‌കൂളിൽ നിന്നും ടീച്ചർ കോപ്പിയടിച്ചെന്ന് പറഞ്ഞ് കളിയാക്കുകയും അപമാനിക്കുകയും ചെയ്ത കാര്യം അദിത്യ പറയുന്നത്.

താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും തൊട്ടടുത്തുണ്ടായിരുന്ന കുട്ടികളിലാരോ എറിഞ്ഞ പേപ്പർ തന്റെ പക്കൽ നിന്നും ടീച്ചർ പിടിച്ചെടുക്കുയുമായിരുന്നു എന്നും അദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. പരീക്ഷ ഹാളിൽ വെച്ച് എല്ലാവരുടെയും മുന്നിൽ വെച്ച് ടീച്ചർ തന്നെ അപമാനിച്ചെന്നും ആൺകുട്ടികളാണ് ഇങ്ങനെ കോപ്പിയടിക്കുകയെന്നും മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതാൻ പറ്റാത്ത തരത്തിൽ നടപടിയെടുക്കുമെന്നും ടീച്ചർ പറഞ്ഞതായും മരിക്കുന്നതിന് തൊട്ടുമുമ്പ് അദിത്യ സഹോദരിയോട് പറഞ്ഞതായി സഹോദരി ആതിര മറുനാടൻ മലയോളിയോട് പറഞ്ഞിരുന്നു.

കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോയ അദിത്യയോട് സഹോദരി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് താഴേക്ക് പോരുകയും ചെയ്തു. വീണ്ടും മുറിയിലേക്ക് പോയി നോക്കിയപ്പോഴാണ് അദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.