ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ. നടുക്കുന്ന കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തുവന്നു. ഇന്നും നാളെയും ജില്ലാ കല്ക്ടർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതിനും സംഘം ചേരുന്നതിനും നിയന്ത്രണമെന്ന് കലക്ടർ അറിയിച്ചു. 12 മണിക്കൂറിനുള്ളിൽ രണ്ട് പാർട്ടികളുടെ നേതാക്കളാണ് ആലപ്പുഴയിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ(38) കൊല്ലപ്പെട്ടത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഷാൻ ബൈക്കിൽനിന്നു വീഴുന്നതും പിന്നാലെ ആളുകൾ ഓടി വന്ന് വെട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പുലർച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് വെട്ടിയതെന്നാണ് വിവരം. പുലർച്ചെ വീട്ടിലെത്തി വാതിലിൽ മുട്ടി. വീട്ടുകാർ വാതിൽ തുറന്നപ്പോൾ അകത്തേക്ക് കയറി ഡൈനിങ് ഹാളിൽ വച്ചാണ് വെട്ടിയത്. പത്തു വെട്ടുണ്ടെന്ന് പൊലിസ് പറയുന്നു. സംഘത്തിൽ എട്ടുപേരുണ്ടായിരുന്നുവെന്നും പൊലിസ് റിപ്പോർട്ട്. കുടുംബാംഗങ്ങലുടെ മുന്നിൽ വച്ചാണ് കൊലപാതകങ്ങൾ നടന്നത്.

ഷാനിനെ കാറിൽ പിന്തുടർന്ന് ബൈക്ക് ഇടിച്ചു വീഴ്‌ത്തി വെട്ടുകയായിരുന്നു. അഞ്ചംഗ സംഘമാണ് ഇതിന് പിന്നിൽ. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത് ബിജെപി മുൻ ജില്ലാ പ്രസിഡന്റും ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു. ആലപ്പുഴ കോടതിയിൽ അഭിഭാഷകനായിരുന്നു.