'ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി'...... കേരളത്തിൽ സൈബർ സഖാക്കൾ നവമാധ്യമങ്ങളിൽ കോൺഗ്രസുകാരെ സ്ഥിരമായി ട്രോളുന്നത്് അവർക്കൊക്കെ അമിത്ഷാ വിലപറഞ്ഞിരിക്കയാണെന്ന് പറഞ്ഞാണ്. ഇരുട്ടിവെളക്കും മുമ്പ് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തുമെന്നും അവർ പരിഹസികകുന്നു. പക്ഷേ സ്വന്തം കണ്ണിലെ വലിയ കോൽ അവർ കാണുന്നില്ല എന്ന് മാത്രം. പക്ഷേ ഇന്ത്യയിൽ ബിജെപിയിലേക്ക് ഏറ്റവും കൂടുതൽ ഒഴുക്കുണ്ടായത് സിപിഎമ്മിൽ നിന്നാണ് എന്നാണ് യാഥാർഥ കണക്ക്!

മൂന്ന് പതിറ്റാണ്ട് കാലത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബംഗാളിൽ 2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ കയറുമ്പോൾ, ഒന്നിന്ന് പത്തായി തിരിച്ചടികളാണ് സിപിഎം അണികൾക്ക് ഉണ്ടായത്. ബൈക്ക് ബ്രിഗേഡ് എന്നറിയപ്പെടുന്ന തൃണമൂലിന്റെ ഗുണ്ടാ സംഘങ്ങൾ ഏരിയാ ഡോമിനേഷനിലൂടെ എങ്ങനെയാണ് സിപിഎം അണികൾക്ക് റേഷൻ പോലും നിഷേധിച്ചത് എന്നതിനെ കുറിച്ച്, ചരിത്രകാരൻ രാമചന്ദ്രഗുഹയൊക്കെ എഴുതിയിട്ടുണ്ട്. ബുന്ധദേവ് ഭട്ടാചാര്യ അധികാരം ഒഴിയുമ്പോഴും ബംഗാളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം ആയിരുന്നു. മവോയിസ്റ്റുകൾ തൊട്ട് ബോഡോ തീവ്രാവാദികളുടെ വരെ മഴവിൽ മുന്നണിയുണ്ടാക്കിയാണ് മമത സിപിഎമ്മിനെ അധികാരത്തിൽനിന്ന് നിഷ്‌ക്കാസനം ചെയ്തത്.

അപ്പോഴും ഗ്രാമങ്ങളിൽ 40 ശതമാനത്തോളും വോട്ടുള്ള ഏറ്റവും വലിയ പാർട്ടിയായിരുന്നു സിപിഎം. പക്ഷേ മമതയുടെ മൗനാനവാദത്തോട് തൃണമൂൽ സമാനതകൾ ഇല്ലാത്ത അക്രമമാണ് സിപിഎമ്മിന് നോർക്ക് നടത്തിയത്. ഒരു കാലത്ത് അധികാരത്തിന്റെ ഹുങ്കിൽ അവർ തങ്ങളോട് ചെയ്തത് പത്തിരിട്ടയാക്കി ദീദി തിരിച്ചുകൊടുത്തു. കേരളത്തിലെ പോലെ ബാങ്കും ആശുപത്രിയും വ്യവസായികളുടെയും വ്യാപാരികളുടെയും പിന്തുണയുള്ള വൻ സാമ്പത്തിക ശക്തയായിരുന്നില്ല ബംഗാളി പാർട്ടി. അടിക്ക് തിരിച്ചടിക്കാൻ കഴിയാതെ ഓടിയൊളിക്കുന്ന സിപിഎമ്മുകാർ അക്കാലത്ത് ഒരു രക്ഷകനെ കണ്ടു. അതായിരുന്നു ബിജെപി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്യപുർവമായ കാഴചയാണ് 2011മുതൽ 15വരെയുള്ള ആ കാലഘട്ടത്തിൽ ബംഗാളിൽ കണ്ടത്. നമ്മുടെ ഇന്നത്തെ കണ്ണൂർ പോലെ, ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ 24 പർഗാന പോലുള്ള ജില്ലകളിൽ സിപിഎം ഓഫീസുകളും സ്ഥാവര ജംഗവവസ്തുക്കളും അടക്കമായിരുന്നു, പ്രാണരക്ഷാർഥം അണികൾ ബിജെപിയിലേക്ക് ചേക്കേറിയത്. പല സിപിഎം ഓഫീസുകളിലും ചെങ്കാടി മാറ്റി കാവിക്കൊടി തൂക്കുകയായിരുന്നു. ഒരു പാർട്ടി ഓഫീസിൽ കാവി പെയിന്റ് അടിക്കുന്ന ദ ടെലഗ്രാഫിലെ ചിത്രം അക്കാലത്ത് വൈറലായിരുന്നു. ഇന്നും ബിജെപിയുടെ ബംഗാളിലെ അണികളിൽ 70 ശതമാനവും മുൻ സിപിഎം പ്രവർത്തകരാണ്. അതുവരെ കേരളത്തിലേതുപോലെ 10 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം ഉണ്ടായിരുന്നു ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനമാണ് വോട്ട്. ആകെയുള്ള 41 സീറ്റിൽ 19 സീറ്റും ബിജെപി പിടിച്ചു. സീറ്റുകളുടെ എണ്ണത്തിൽ വട്ടപൂജ്യമായ സിപിഎമ്മിന് വെറും 7 ശതമാനം വോട്ടാണ് കിട്ടിയത്. ഇന്ന് കോൺഗ്രസിനും പിറകിൽ നലാം സ്ഥാനത്താണ് ബിജെപി അവിടെ.

സിപിഎം നേതാക്കളെയും വിഴുങ്ങുന്നു

സിപിഎം അണികൾ മാത്രമല്ല, വലിയ ഫാസിസ്റ്റ് വിരുദ്ധ പോരളികൾ ആണെന്ന് മേനി പറയുന്ന പല നേതാക്കളും സിപിഎമ്മിൽനിന്ന് ബിജെപിയിൽ എത്തി. എറ്റവും ഒടുവിലത്തെ കാലുമാറ്റം ഇന്നലെയാണ് ഉണ്ടായത്. സിപിഎമ്മിന് ഇപ്പോൾ ബംഗാളിൽ ആകെയുള്ള 19 എംഎൽഎമാരിൽ ഒരാളായ തപസി മണ്ഡലാണ് ബിജെപിയിലേക്ക് പോകുന്നതായി ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സീനിയർ നേതാവുമായ സ്വദേശ് രഞ്ജൻ നായക്കും നൂറ് കണക്കിന് പ്രവർത്തകരും കാവിക്കൊടിയിൽ അഭയം പ്രാപിച്ചത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയായ ഖഗൻ മുർമ്മു ആ സ്ഥാനം പോലും രാജിവയ്ക്കാതെയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇന്നദ്ദേഹം ബിജെപി എംപിയാണ്.

ബംഗാളിന് സമാനമായ കാര്യങ്ങളാണ് ത്രിപുരയിലും നടക്കുന്നത്. ഇവിടെയും സിപിഎമ്മിനെ ബിജെപി വിഴുങ്ങുകയാണ്. ത്രിപുരയിൽ 2014 പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 64% വോട്ടാണ് ലഭിച്ചിരുന്നത്. പിന്നീട് 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അത് 42.2% ആയി കുറഞ്ഞു. വെറും ഒരു വർഷത്തിനുള്ളിൽ നടന്ന 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലാവട്ടെ സിപിഎം വോട്ട് 17.31% ആയി കൂപ്പുകുത്തി. ഇതേ കാലയളവിൽ ബിജെപിയുടെ വോട്ട് ഷെയർ 5.7% ൽ നിന്ന് 49.03% ആയാണ് കുത്തനെ ഉയർന്നത്. അതായത് സിപിഎമ്മിൽ നിന്ന് ആരും ബിജെപിയിൽ പോവില്ല എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് ഈ കണക്കുകൾ വ്യകത്മാക്കുന്നു. ഇപ്പോഴിതാ തൃണമൂലിനെയും വിഴുങ്ങാനാണ് ബിജെപി നീക്കം.

ഓപ്പറേഷൻ ലോട്ടസ് പുരോഗമിക്കുമ്പോൾ

അമിത്ഷായുടെ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ ഉണ്ടാക്കിയ പ്ലാനിന്റെ ഏറ്റവും പ്രധാനപ്പെട്ടയാണ് തൃണമൂലിൽനിന്ന് നേതാക്കളെ റാഞ്ചിയെടുക്കുന്ന എന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് എംഎൽഎമാർ അടക്കം 7 പ്രമുഖ നേതാക്കളാണ് ബിജെപി വിട്ടത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിന് തുടക്കമാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തുന്ന റാലി, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുമായി പിരിഞ്ഞ തൃണമൂൽ നേതാവും മുൻ മന്ത്രിയുമായ സുവേന്ദു അധികാരി റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഉംപുൻ ചുഴലിക്കാറ്റിനേക്കാൾ ശക്തമായ കാറ്റ് ബംഗാളിലെ ഡിഗ മുതൽ ഡാർജിലിങ് വരെ വീശുമെന്ന് സുവേന്ദു അധികാരിയുടെ അനുയായികൾ പറഞ്ഞു. അമിത് ഷായുടെ റാലിക്ക് മുന്നോടിയായി നിരവധി തൃണമൂൽ നേതാക്കളാണ് പാർട്ടിയിൽനിന്നു രാജിവയ്ക്കുന്നത്. ഇന്നലെ രണ്ട് എംഎൽഎമാർ രാജിവച്ചെങ്കിലും അതിലൊരാളായ ജിതേന്ദ്ര തിവാരി തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു.

നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതിനെ തുടർന്ന് മമത ബാനർജി അടിയന്തിര യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിന് പിന്നാലെയാണ് കാന്തി ഉത്തർ മണ്ഡലത്തിലെ എംഎൽഎ ആയ ബനാശ്രീ മൈറ്റിയും തൃണമൂൽ വിട്ടത് .തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയാണെന്നും ഇതോടൊപ്പം തന്നെ ഏൽപ്പിച്ച എല്ലാ പദവികളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും ഒഴിയുകയാണെന്നും ബനാശ്രീ മമതയ്ക്ക് നൽകിയ രാജിക്കത്തിൽ പറയുന്നുണ്ട്. സുവേന്ദു അധികാരിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹമില്ലാത്ത പാർട്ടിയിൽ താനും നിൽക്കില്ലെന്നും ബനാശ്രീ അറിയിച്ചു. സുവേന്ദു അധികാരിയുടെ തീരുമാനം എന്താണോ അതുതന്നെയാകും തന്റേതുമെന്നും അവർ അറിയിച്ചു.

മെദിനിപ്പൂർ പുർബ ജില്ലയിലെ തൃണമൂൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു ബനാശ്രീ. 2011ലും 2016ലും കാന്തി ഉത്തറിൽ നിന്നും അവർ വിജയിച്ചിട്ടുണ്ട്. വിജയിച്ച ബനാശ്രീ അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിടെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ തൃണമൂൽ നേതാവാണ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുക ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളുടെ വൻനിരയാണ് ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. അമിത് ഷാ മടങ്ങിയ ശേഷം 6 കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.

സുവേന്ദു അധികാരി എന്ന നന്ദിഗ്രാം സമരനായകൻ

സിപിഎമ്മിന്റെ കോട്ടകളായിരുന്ന ഗ്രാമങ്ങളിൽ അവരുടെ നേതാക്കൾ കിരീടമില്ലാത്ത രാജാക്കന്മാരായി വാണിരുന്നപ്പോൾ ചോരപ്പുഴകൾ നീന്തിക്കയറി തൃണമൂലിന്റെ കൊടി പാറിച്ച നായകനാണ് സുവേന്ദു. 2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരൻ. ഈ സമരത്തിൽനിന്നായിരുന്നു സത്യത്തിൽ മമതാ ബാനർജിയുടെ പടയോട്ടം തുടങ്ങുന്നത്. പാർട്ടിയിൽ മമത കഴിഞ്ഞാൽ രണ്ടാമനും അദ്ദേഹമായിരുന്നു. ആ മനുഷ്യനാണ് ഇപ്പോൾ ബിജെപിയിൽ എത്തിയിരിക്കുന്നത്. ഇത് ദീദിയുടെ അടപ്പിടളക്കുമെന്നാണ് മാധ്യമങ്ങൾ പറയുന്നുത്. നന്ദിഗ്രാമിൽനിന്ന് തെക്കൻ ബംഗാളിലേക്ക് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെ വിയർപ്പൊഴുക്കി വളർത്തിയ സുവേന്ദു അധികാരി കരുത്തൻ അല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. മമതയുടെ അനന്തിരൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപക അഴിമതിയിൽ സുവേന്ദു നേരത്തെ തന്നെ അസ്വസ്ഥനായിരുന്നു. പെട്ടന്ന് ഇട്ടച്ചുപോയി എന്ന പരാതി ഒഴിവാക്കൻ ഘട്ടം ഘട്ടമായി പാർട്ടിയെ തഴയുക എന്ന നീക്കമാണ് ഇദ്ദേഹം എടുത്തത്.

ബംഗാൾ രാഷ്ട്രീയത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന പദവികളിലൊന്നാണ് ഹൂഗ്ലി റിവർ ബ്രിജ് കമ്മിഷൻ (എച്ച്ആർബിസി) ചെയർമാൻ എന്നത്. ആദ്യം എച്ച്ആർബിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കയാണ് അദ്ദേഹം ചെയ്തത്. പിന്നാലെ മന്ത്രി പദവിയിൽനിന്ന് രാജി. അതിനുശേഷം എംഎൽഎ സ്ഥാനവും ഒടുവിൽ പാർട്ടി അംഗത്വത്തിൽനിന്നും രാജിവച്ചു. എംഎൽഎ സ്ഥാനം രാജിവച്ചശേഷം സുവേന്ദു പോയത് തൃണമൂൽ എംപി സുനിൽ മൊണ്ടാലിന്റെ വീട്ടിലേക്കാണ്. മമത സർക്കാരിനെ കുറ്റപ്പെടുത്തി നേരത്തേതന്നെ രംഗത്തുവന്നിരുന്ന തൃണമൂലിന്റെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളായ ജിതേന്ദ്ര തിവാരിയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം. രാഷ്ട്രീയ കാരണങ്ങളാൽ തന്റെ മണ്ഡലത്തിൽ കേന്ദ്ര ഫണ്ടിന്റെ വിനിയോഗം സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്നാണ് അസൻസോൾ എംഎൽഎ കൂടിയായ തിവാരിയുടെ പരാതി. തുടർന്ന നടന്ന പൊതുയോഗത്തിൽ തൃണമൂലിനെ കുറ്റപ്പെടുത്തി പറഞ്ഞത് പാർട്ടിയിൽ തിവാരിയോട് അതൃപ്തിയുണ്ടാക്കുകയും ചെയ്തു.'മമതയ്ക്കുശേഷം തൃണമൂലിലെ ഏറ്റവും ജനകീയനായ നേതാവ് സുവേന്ദു അധികാരിയാണ്. നേതാക്കന്മാർ വ്യത്യാസങ്ങൾ പരിഹരിക്കണം. അദ്ദേഹത്തോട് പ്രശ്നങ്ങളെന്താണെന്നു ചോദിക്കണം. എന്നെപ്പോലുള്ള ചെറിയ നേതാക്കളുടെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ അവർക്കു കഴിയുന്നില്ല, പിന്നെങ്ങനെ അധികാരിയുടെ പ്രശ്നങ്ങൾ പരിഹരിക്കും' തിവാരി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നന്ദിഗ്രാം സ്ഥിതി ചെയ്യുന്ന മേധിനിപ്പൂരിലും സമീപ ജില്ലകളിലും സുവേന്ദുവിന്റെ പിന്തുണ വർധിപ്പിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ കിണഞ്ഞു പരിശ്രമിക്കുന്ന വാർത്തകൾ വന്നിരുന്നു. ഒതുക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൽനിന്ന് സുവേന്ദുവിന്റെ അടുപ്പക്കാരെ ടിഎംസി നേതൃത്വം നീക്കിയിരുന്നു. സുവേന്ദുവിനെ തൊടാതെ അദ്ദേഹത്തിന്റെ അടുപ്പക്കാരെ പുറത്തക്കുകയാണ് തൃണമൂൽ ചെയ്തത്.മേഖലയിലെ 40ൽപരം സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സുവേന്ദുവിനും അനുയായികൾക്കും കഴിയും. മേധിനിപ്പുരിൽ മാത്രമല്ല, സമീപ ജില്ലകളായ മുർഷിദാബാദ്, മാൾഡ, ഝാർഗ്രാം, പുരൂലിയ, ബങ്കുര, ബിർഭും തുടങ്ങിയിടത്തും ഇവർക്കു ശക്തിയുണ്ട്. ഇവിടെയാണ് ഭരണത്തുടർച്ചയെന്ന തൃണമൂലിന്റെയും മമതയുടെയും സ്വപ്നങ്ങൾക്കുമേൽ സുവേന്ദു കരിനിഴൽ വീഴ്‌ത്തുന്നത്.

പ്രശ്നക്കാർ പ്രശാന്ത് കിഷോറും അഭിഷേക് ബാനർജിയും

ബംഗാൾ തിരഞ്ഞെടുപ്പിൽ ഉപദേശകനായി മമത ബാനർജി നിയോഗിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായും ഒരുവിഭാഗം തൃണമൂൽ നേതാക്കൾക്ക് എതിർപ്പുണ്ട്. കിഷോറിന്റെ നേതൃത്വത്തിലുള്ള ഐപിഎസി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) ആണ് ബംഗാളിൽ തുടർഭരണം ഉറപ്പാക്കാനുള്ള തൃണമൂലിന്റെ നീക്കങ്ങൾക്ക് തന്ത്രമൊരുക്കുന്നത്. സുനിൽ മൊണ്ടേൽ ചോദിച്ചിരുന്നു. 'ഐപിഎസിയിലെ ആളുകളാണ് അതു ചെയ്യണം ഇതു ചെയ്യണം എന്നു നിർദ്ദേശിക്കുന്നത്. ഏതു ഷർട്ട് ധരിക്കണമെന്നുപോലും ഇവർ നിർദ്ദേശിക്കുന്നു. പിന്നെ രാഷ്ട്രീയക്കാരുടെ റോൾ എന്താണ്. ഞങ്ങൾക്കു തൃണമൂലുമായി സംസാരിക്കണം. ഞങ്ങൾക്കു പറയാനുള്ളത് അവർ അംഗീകരിച്ചാൽ കൊള്ളാം. ഇല്ലെങ്കിൽ എന്താണ് വരുന്നതെന്നു കാണാം' - മൊണ്ടാൽ കൂട്ടിച്ചേർത്തു.

തനിക്കൊപ്പം പാർട്ടി വളർത്തിയ നേതാക്കന്മാരെക്കാൾ മരുമകനായ അഭിഷേക് ബാനർജിയെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണ് മമതയുടേത്. ഇതിൽ പല നേതാക്കന്മാരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ നടപ്പാക്കണമെന്നു വാശിപിടിക്കുന്നതും. അഭിഷേകിന്റെ താൻപോരിമയും അഴിമതിയും പ്രശ്നങ്ങൾ വഷളാക്കുന്നു. അടുത്ത വർഷം ഏപ്രിൽ-മെയ്‌ മാസങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം ബംഗാൾ തമിഴ്‌നാട് എന്നിവടങ്ങളിൽ ഒന്നിച്ചാണ് തെരഞ്ഞെടുപ്പ്. ഇതിൽ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അധികാരം പിടിക്കാനുമാണ് ബിജെപി സർവ സന്നാഹങ്ങളും എടുക്കുന്നത്.

നേരിട്ട് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് അമിത് ഷാ

കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെത്തിയ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കാർ ആക്രമിക്കപ്പെട്ടതോടെയാണ് ബിജെപി-തൃണമൂൽ പോര് ദേശീയ ശ്രദ്ധയാകർഷിച്ചത്. ഇതേ ചൊല്ലി ബിജെപി-തൃണമൂൽ സംഘർഷം മൂർഛിച്ചിരിക്കുന്നതിനിടെയാണ് അമിത് ഷായുടെ സന്ദർശനം. തൃണമൂൽ കോൺഗ്രസ് സ്‌പോൺസർ ചെയ്ത ആക്രമണമാണെന്ന് ആരോപിച്ച അമിത് ഷാ മമതാ സർക്കാരിൽനിന്നു സുരക്ഷാവീഴ്ച സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു.അതേസമയം ബിജെപിയുടെ രാഷ്ട്രീയനാടകമാണിതെന്ന് മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. അമിത്ഷായും നഡ്ഡയുമൊക്കെ മിക്കപ്പോഴും ബംഗാളിലുണ്ട്. അവർക്കു കാഴ്ചക്കാരില്ലാതെ വരുമ്പോൾ പ്രവർത്തകരെ ഇളക്കിവിട്ട് നാടകം കളിക്കുകയാണെന്ന് അഭിഷേക് പറഞ്ഞു.

മമതയുടെ ബംഗാൾ പിടിക്കാനുള്ള നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ്. കഴിഞ്ഞ മൂന്നു വർഷമായി അമിത് ഷായുടെ നേതൃത്വത്തിൽ ഇതിനുള്ള അണിയറ നീക്കങ്ങൾ നടത്തുന്നുണ്ടെന്നു ബംഗാളിലെ ബിജെപി നേതാക്കൾ പറയുന്നു. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയാവും തിരഞ്ഞെടുപ്പിനു നേരിടുക. കേന്ദ്രത്തിന്റെ വികസനപദ്ധതികൾ ചർച്ചാ വിഷയമാക്കാൻ അമിത് ഷാ മാസത്തിൽ ഒരു തവണയെങ്കിലും ബംഗാളിൽ എത്താൻ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത തവണ ബിജെപി അധികാരം പിടിക്കും എന്ന സന്ദേശം നൽകി കൂടുതൽ തൃണമൂൽ നേതാക്കളെ അടർത്തിയെടുത്ത് മമത ദുർബലയാക്കുകയെന്ന തന്ത്രവും ബിജെപി പയറ്റുന്നുണ്ട്.

ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങൾ അഞ്ച് മേഖലകളാക്കി തിരിച്ചാണ് ബിജെപി പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ഓരോ ദേശീയ നേതാക്കൾക്കാണു നൽകിയിരിക്കുന്നത്. ഈ നേതാക്കൾ ബംഗാളിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും. ദേശീയ സെക്രട്ടറി വിനോദ് ഷോൺകർ (റബാൻക), സുനിൽ ദിയോധർ (ഹൂബ്ലി മേദിനി), ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം (കൊൽക്കത്ത), വിനോദ് താവ്‌ഡെ (നബദീപ്), ശിവപ്രകാശ് സിങ് (ഉത്തർ ബംഗ) എന്നിവർക്കാണു ചുമതല. ബംഗാൾ ടീമിനു പുറമേ ദേശീയ നേതൃത്വം ബൂത്ത് തലത്തിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടുത്താനും പാർട്ടിയുടെ സാന്നിധ്യം ഉറപ്പിക്കാനും ഉൾപ്രദേശങ്ങളിൽ പാർട്ടി ചിഹ്നമായ താമരയുടെ ചിത്രം പലയിടങ്ങളിലും ആലേഖനം ചെയ്യാനും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും പുരോഹിതന്മാരുമായും, ആരാധനാലയങ്ങളുമായും മത നേതാക്കന്മാരുമായും സഹകരണ സംഘങ്ങളിലെ ചുമതലപ്പെട്ടവരുമായും സംസ്ഥാന നേതൃത്വം തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കും.

ഓരോ ബുത്തിലും നടപ്പാക്കേണ്ട 23 ഇന പരിപാടികൾ അമിത് ഷാ നൽകിയിട്ടുണ്ട്്. പോളിങ് ബൂത്തുകൾ നാലായി തിരിച്ച് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് ഇരുപതു പേരെയെങ്കിലും തിരഞ്ഞെടുത്ത് പരിശീലനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് ശ്രവിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

ദീദിയുടെ പതനം ആസന്നമോ?

മമതയുടെ വലംകൈയും ഗ്രാമീണ മേഖലയിൽ തൃണമൂലിന്റെ ജീവശ്വാസവുമായിരുന്ന ട്രാൻസ്‌പോർട്ട് മന്ത്രി സുവേന്ദു അധികാരി പാർട്ടി വിട്ടത് കുറച്ചൊന്നുമല്ല മമതയെ ദുർബലയാക്കിയിരിക്കുന്നത്. പോരാട്ടത്തിനിടെ സർവസൈന്യാധിപൻ പടക്കളം വിട്ട അവസ്ഥ.മുകുൾ റോയി അടക്കം ഒട്ടേറെ നേതാക്കൾ പാർട്ടിവിട്ട് ബിജെപി പാളയത്തിൽ എത്തിയപ്പോഴം മമതയ്‌ക്കൊപ്പംനിന്ന സുവേന്ദുവാണ് ഒടുവിൽ പിണങ്ങിയിറങ്ങിയിരിക്കുന്നത്. സുവേന്ദുവിനു പിന്നാലെ കൂടുതൽ നേതാക്കൾ പടിയിറങ്ങുന്നതോടെ ബംഗാളിന്റെ അധികാരക്കസേരയിൽനിന്നു മമതയുടെ പടിയിറക്കവും സുനിശ്ചിതമെന്നാണു ബിജെപി ക്യാംപിന്റെ കണക്കുകൂട്ടൽ.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 19 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. 294 അംഗ നിയമസഭ സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണു ബിജെപിക്കുള്ളത്. 'തിരഞ്ഞെടുപ്പുകൾ വരും പോകും. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് ആർക്കം വോട്ട് കിട്ടില്ല. ചുവരെഴുത്ത് വായിക്കാൻ തയാറാകണം' - ബിഹാർ വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ബംഗാളിലെ മമതാ സർക്കാരിനുള്ള ശക്തമായ താക്കീതാണിതെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.ബംഗാളിൽ ബിജെപി പ്രവർത്തകരെ തൃണമൂൽ വകവരുത്തുന്നുവെന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു മോദിയുടെ വാക്കുകൾ. 2019ൽ 12 രാഷ്ട്രീയ കൊലപാതകങ്ങളാണ് ബംഗാളിൽ നടന്നത്. ഇതിലേറെയും ഇരയായത് ബിജെപി പ്രവർത്തകരാണെന്നാണ് പാർട്ടിയുടെ ആരോപണം. 250 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. പ്രവർത്തകരുടെ ചോര വീണത് വിഫലമാകില്ലെന്നും ബംഗാളിൽ തകർപ്പൻ വിജയം നേടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറയുന്നു.

മാത്രമല്ല 2011മുതൽ തുടച്ചായായി പത്തുവർഷം ഭരിച്ച മമതാ ബാനർജിക്കെതിരെ ബംഗാളിൽ വലിയ ഭരണ വിരുദ്ധ വികാരവുമുണ്ട്. സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം ബംഗാളിലെ നൂറ്റാണ്ടുകൾ പിറകോട്ട കൊണ്ടുപോയി എന്ന് പറയുന്ന, ബംഗാളികളുടെ ദീദിക്ക് ആ നാടിന്റെ മുഖഛായ മാറ്റാൻ തക്ക ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് തൊട്ട് നിരവധി അഴിമതികൾ തൃണമൂൽ നേതാക്കളുടെ പേരിൽ ഉയർന്നു. മമതയുടെ മരുമകൻ സഞ്ജയ് ഗാന്ധിക്ക് സമാനമായ ഫാസിസ്റ്റായി വളരുകയാണെന്നാണ് മറ്റൊരു ആരോപണം. കൊലയും കൊള്ളിവെപ്പും അക്രമവും ബംഗാളിൽ സർവ സാധാരണമായി. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരവും, ഒപ്പം മറ്റ് പാർട്ടിയിൽനിന്ന് കാലുമാറിയെത്തുന്ന നേതാക്കളും കൂടിയാവുന്നതോടെ നിഷ്പ്രായാസം ബംഗാൾ പിടിക്കാമെന്നാണ് ബിജെപി കരുതുന്നത്.