വാടാനപ്പിള്ളി: ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിലെ വാക്‌സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബിജെപി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്.

വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്‌സിൻ എടുക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ബിജെപി അംഗങ്ങളായുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയാണ് ആശുപത്രിയിൽ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്. തർക്കം ചേരിതിരിഞ്ഞ് സംഘർഷത്തിലായി. ഇതിനിടെയാണ് കത്തിക്കുത്തുണ്ടായത്. പൊലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, കൊടകര കള്ളപ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. വിഷയത്തിൽ പാർട്ടി കേന്ദ്രനേതൃത്വത്തിന് സംസ്ഥാനത്ത് നിന്ന് ആരും കത്ത് അയച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വ്യാജവാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപി തീരുമാനം. അതൊരു കവർച്ചക്കേസാണ്. അന്വേഷണസംഘം അവരുടെ അധികാരപരിധിക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോകുകയാണ്. അന്വേഷണസംഘവുമായി ബിജെപി സഹകരിക്കുന്നത് ഒന്നും ഒളിച്ച് വയ്ക്കാൻ ഇല്ലാത്തതുകൊണ്ടാണ്. നോട്ടീസിന് ഹാജരാകേണ്ട കാര്യം പോലും തങ്ങൾക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നാളെ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ സതീശന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. കുഴൽ പണവുമായി വന്ന ധർമരാജനും സംഘത്തിനും തൃശൂരിൽ മുറിയെടുത്ത് നൽകിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തതിന്റെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസിൽ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നൽകിയത് കൃഷ്ണദാസ് പക്ഷമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ബിജെപിയും ആർഎസ്എസും അപമാനിക്കപ്പെട്ടു. അതിനാൽ വിഷയത്തിൽ ദേശീയനേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിനായി 400 കോടിയോളം രൂപ ബിജെപി കേന്ദ്രനേതൃത്വം നൽകിയതായാണ് വിവരങ്ങൾ. എന്നാൽ ഇതിൽ എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്.

156 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് പറയുന്നതെങ്കിലും ഇരട്ടിയോളം വരുന്ന ബാക്കി തുകയിൽ അന്വേഷണം നടത്തണമെന്നുമാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ പണം കൈകാര്യം ചെയ്യുന്നതിനായി ഫിനാൻസ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചെലവഴിച്ചതുമെന്നും പരാതിയിൽ പറയുന്നു.

ഇതിനിടെ, കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തിയെന്ന് ആരോപിച്ച് ആൾ കേരള ആന്റി കറപ്ഷൻ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകി. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമായതിനാൽ റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.