കണ്ണൂർ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ നൂറുകോടിയുടെ നിക്ഷേപതട്ടിപ്പു നടത്തിയ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ അന്വേഷണ സംഘം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ അപേക്ഷ നൽകും. ഈ കേസിൽ കാസർകോട് ആലമ്പാടി സ്വദേശി പി. എം മുഹമ്മദ് റിയാസ്, കോഴിക്കോട് പാവങ്ങാടിലെ പി. എം വസീം മുനവിർഅലി, മഞ്ചേരി പൊളിയൻപറമ്പ് സി.ഷഫീഖ് എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമായി വാങ്ങിയ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നു നാലുമാസം മുൻപാണ് കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ബംഗളൂര് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നു പറയുന്ന ലോങ് റിച്ച് ടെക്നോളജിസെന്ന കമ്പിനിയുടെ മറവിൽ ഓൺ ലൈൻവഴി നൂറുകോടി രൂപയിലേറെ തട്ടിയെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതിനിടെ കണ്ണൂരിൽ നൂറുകോടി രൂപയുടെ നിക്ഷേപതട്ടിപ്പു നടത്തിയ സംഘം മലപ്പുറം ജില്ല കേന്ദ്രീകരിച്ചു നേരത്തെ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ അതേ കമ്പിനിയുടെ പേരിൽ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്. ബംഗൽര് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നുു പറയുന്ന ലോങ് റിച്ച് ടെക്നോളജീസെന്ന കടലാസ് കമ്പിനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. കണ്ണൂരിൽ പിടിയിലായവരിൽ രണ്ടു പേർ മഞ്ചേരി, വണ്ടൂർ സ്വദേശികളാണ്. ലോങ് റിച്ച് ടെക്നോളജീസിന്റെ എം.ഡി ഉപൂക്കോട്ടുപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരെയുള്ള കേസ് മലപ്പുറത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മലപ്പുറത്ത് പൊലിസ് വലവിരിച്ചതോടെ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

സാധാരണക്കാരടക്കം ക്രിപ്റ്റോ കറൻസി തട്ടിപ്പു സംഘത്തിന്റെ വലയിൽ വീണതായാണ് പൊലിസ് പറയുന്നത്. ഏറ്റവും ്കുറഞ്ഞ 15,000രൂപ നിക്ഷേപിച്ചാൽ ദിവസവും 270രൂപ വീതം 300 ദിവസം ലാഭവിഹിതം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദ്ധാനം.മറ്റൊരാളെ ചേർത്താൻ അതിന്റെ കമ്മിഷൻ കൂടിലഭിക്കുമെന്നായിരുന്നു പ്രലോഭനം. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസത്തെ ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ സമാഹരിച്ചത്.

ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്കു റിസർവ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ലോങ് റിച്ച് ടെക്നോളജിസ് വെറും കടലാസ് കമ്പിനിയാണെന്നാണ് പൊലിസ് കണ്ടെത്തൽ. നിഷാദിന്റെ അക്കൗണ്ടിലേക്ക് നൂറുകോടി രൂപയാണ് ഒഴുകിയെത്തിയത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലിസ് പണമിടപാട് വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ക്രിപ്റ്റോ കറൻസിതട്ടിപ്പുകേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്താൻ സാധ്യതയേറിയിട്ടുണ്ട്.