തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് ഹാജരാകണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായില്ല. 30 നും ഹാജരായില്ലെങ്കിൽ കോടതി വഴി വാറന്റ് അയക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.

1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.സ്വർണക്കടത്ത് കേസ് വാർത്തയായതിന് പിന്നാലെ ഈ ഫോൺ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയതെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോളർ കടത്തിലും സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകൾ വാങ്ങി നൽകിയതെന്ന് നേരത്തെ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ഈ ഫോൺ എങ്ങനെ വിനോദിനിക്ക് കിട്ടി എന്നതിലാണ് കസ്റ്റംസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണ് ഫോണിൽ ഉപയോഗിച്ചതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.

ഐഎംഇഐ നമ്പർ വച്ചുള്ള പരിശോധനയിൽ ഇതു കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകൾ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിങ്ങനെ പല പ്രമുഖർക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ ആറ് ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഒന്ന് ആരുടെ കൈയിലാണെന്നത് നേരത്തെ വിവാദമുണ്ടായിരുന്നു. ഈ ഫോൺ സന്തോഷ് ഈപ്പൻ എന്തിന് കോടിയേരിയുടെ ഭാര്യയ്ക്ക് നൽകി എന്നതാണ് കാര്യങ്ങൾ മൊത്തത്തിൽ സങ്കീർണമാക്കുന്നത്. സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺകൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിന് നേരത്തെ പ്രതികരിച്ചത്.