കണ്ണൂർ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പെരിങ്ങത്തൂരിൽ പോപ്പുലർ പ്രവർത്തകൻ ഷഫീഖിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തി. സംസ്ഥാനത്തെ മറ്റ് നേതാക്കളുടെ വീടുകളിലും വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

അതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പ്രദേശം പൊലീസ് വലയത്തിൽ ആയതിനാൽ കൂടുതൽ പ്രതിഷേധം അനുവദിച്ചില്ല.

കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂർ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.

നേരത്തെ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തുകൊല്ലപ്പെട്ട കേസിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. ഈ കേസിൽ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്്. കൊലയാളി സംഘത്തെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്. അതിനിടെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു. മൂന്നുപേരും പോപ്പുലർ ഫ്രണ്ട് നേതാക്കളെന്ന് പാലക്കാട് എസ്‌പി ആർ. വിശ്വനാഥ് അറിയിച്ചു.

അഞ്ചംഗ കൊലയാളി സംഘത്തിന് ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായം ചെയ്ത ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിഷാദ് എന്ന നിസാറാണ് അറസ്റ്റിലായത്. പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിസാറും പോപ്പുലർ ഫ്രണ്ട് നേതാവാണ്.

തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിന് പിന്നാലെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊലയാളി സംഘം സഞ്ചരിച്ച വാഹനമോടിച്ചത് നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൾ സലാമായിരുന്നു. ജാഫർ സാദിഖാണ് അറസ്റ്റിലായ മറ്റൊരാൾ. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് ജാഫർ. ഇനിയും അഞ്ചുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്നും പ്രതികളെപ്പറ്റി കൃത്യമായ സൂചനയുണ്ടെന്നും പാലക്കാട് എസ്‌പി പറഞ്ഞു.