തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനകൾക്ക് ശേഷം എൻഫോഴ്‌സ്‌മെന്റ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അൽ ജമാസിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. നെടുമങ്ങാട് യൂണിയൻ ബാങ്കിലെ ലോക്കറിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്നലെ അൽ ജമാസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് പാസ്ബുക്കും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.

അതിനിടെ, ബിനീഷിന്റെ വീട്ടിലെ റെയ്ഡ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം വിലയിരുത്തി. രാവിലെ എ.കെ.ജി സെന്ററിൽ മുഖ്യമ്രന്തി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. കുടുംബത്തിനു നേർക്ക് മനുഷ്യാവകാശ ലംഘനം നടത്തി. അത് തുറന്നുകാണിക്കും. എന്നാൽ അന്വേഷണം എതിർക്കാനോ തടസ്സപ്പെടുത്താനോ ഇല്ലെന്നും സിപിഎം വ്യക്തമാക്കി.

അതേസമയം, റെയ്ഡിനിടെ ബിനീഷിന്റെ കുടുംബത്തെ തടവിലാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റിൽ നിന്ന് വിശദീകരണം തേടുമെന്ന് പൊലീസ് അറിയിച്ചു. നേരിട്ട് ചോദിച്ചിട്ടി് ഇ.ഡി അധികൃതർ പ്രതികരിച്ചില്ല. അതിനാൽ മെയിൽ അയച്ച് വിശദീകരണം തേടുമെന്ന് പൊലീസ് വ്യക്തമാക്കി.

കുടുംബത്തെ തടവിലാക്കിയെന്ന് കാണിച്ച് പൂജപ്പുര സിഐയ്ക്കാണ് പരാതി നൽകിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം സിആർപിഎഫ് ഉദ്യോഗസ്ഥരോട് മൊഴി നൽകാൻ ആവശ്യപ്പെട്ടര് വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ ഇ.ഡി അധികൃതർ പുറത്തേക്ക് പോയ കാർ സിഐയുടെ ദേഹത്ത് തട്ടുന്ന വിധത്തിൽ പോയി എന്ന് ആരോപിച്ച് വാഹനത്തിന്റെ ഡ്രൈവറോട് കയർത്തു സംസാരിക്കുന്ന സ്ഥിതിയുമുണ്ടായി.

അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെ എന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. തിരുവനന്തുരത്തെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ചായിരുന്നു പ്രതികരണം. എന്നാൽ, മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്ക് ബിനീഷ് മറുപടി നൽകിയില്ല.

അതേസമയം, ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇ.ഡിയോട് പൊലീസ് വിശദീകരണം തേടി. ഇ-മെയിൽ വഴിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ബിനീഷ് കുടുങ്ങാൻ പോകുകയാണെന്നും പുറത്തിറങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മഹസറിൽ ഒപ്പിടണമെന്നും ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് റെയ്ഡിനു ശേഷം ഭാര്യ റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.