മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിായിരുന്ന ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. വിശക്കുന്നവന് അന്നം കൊടുക്കുന്ന സർക്കാർ നടപടിയാണ് സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായതെന്ന് ഫിറോസ് പറഞ്ഞു.

തവനൂരിൽ കെടി ജലീലിനെതിരെ ശക്തമായ എതിർപ്പുയർന്നിരുന്നു. എന്നാൽ ഇടത് തരംഗം വന്നതുകൊണ്ടുമാത്രം ജലീൽ ജയിച്ചു കയറി. യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമായിരുന്നു തവനൂർ. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വോട്ടുകളാണ് മുന്നേറ്റത്തിന് കാരണമായതെന്നും ഫിറോസ് പറഞ്ഞു. മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനമാണെന്നും ഫിറോസ് പറഞ്ഞു.

'തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്‌നേഹത്തിനും, ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. എൽഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും' ഫിറോസ് പറഞ്ഞു.

3066 വോട്ടുകൾക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരിൽ കെടി ജലീൽ വിജയിച്ചത്. 2016ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തിയത്. ജലീൽ 68,179 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തിഖറുദ്ദീൻ മാസ്റ്റർ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേർ വോട്ടു ചെയ്തു. 2011ൽ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീൽ 57,729 വോട്ടുകളും കോൺഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാർത്ഥിയായ നിർമലാ കുട്ടികൃഷ്ണൻ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.