കോട്ടയം: ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഐപിസി 153 എ വകുപ്പുപ്രകാരം കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ റാലിയിൽ കൊണ്ടുവന്നയാൾക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ഈരാറ്റുപേട്ട സ്വദേശി അൻസാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിൽ നിന്നും എത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് അൻസാറിനെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധിച്ചിൽ ഈരാറ്റുപേട്ട നഗരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു.

മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനായിരുന്നു കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.രണ്ടു ദിവസം മുമ്പാണ് ആലപ്പുഴയിൽ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. റാലിയുടെ സംഘാടകർക്കെതിരെയും കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജൻസികളും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം.

10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാൽ കുട്ടിയെ പോപ്പുലർ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലർ ഫ്രണ്ട് അറിയിച്ചത്.ജാഥയിൽ സംഘടനാ പ്രവർത്തകരും അല്ലാത്തവരും ആയ നിരവധി പേർ പങ്കെടുത്തിരുന്നെന്നും പോപ്പുലർ ഫ്രണ്ട് പറയുന്നു. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുത്തവർക്കായുള്ള മുദ്രാവാക്യം സംഘാടകർ നേരത്തേ തന്നെ നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പ്രതികരിച്ചു.

''അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു'' പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങൾ. ഹിന്ദു മതസ്ഥർ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യൻ മതവിശ്വാസികൾ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തിൽ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ.

ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസും സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി. കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ബാലനീതിനിയമത്തിന്റെ ലംഘനമാണെന്നും പൊലീസിനു സ്വമേധയാ കേസെടുക്കാൻ സാധിക്കുമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കനുംഗോ വ്യക്തമാക്കി.