ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ വിമർശിച്ച് യു.എസ് ഉദ്യോഗസ്ഥൻ രംഗത്തുവന്നു. മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നിയമങ്ങൾ എന്ന് വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കൻ സർക്കാരിന്റെ കീഴിലുള്ള ലാർജ് ഫോർ ഇന്റർ നാഷണൽ റിലീജിയസ് ഫ്രീഡം അമ്പാസിഡർ റഷാദ് ഹുസൈൻ ട്വിറ്ററിൽ കുറിച്ചു.

മതപരമായ വസ്ത്രധാരവും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇന്ത്യൻ സംസ്ഥാനമായ കർണാടക ഇപ്പോൾ മതപരമായ വസ്ത്രം ധരിക്കുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഇത് സ്ത്രീകളെയും കുട്ടികളെയും പാർശ്വവൽക്കരിക്കുന്നതിന് കാരണമാവുമെന്നും ഹുസൈൻ പറഞ്ഞു.

അതേസമയം യുഎസ് ഉദ്യോഗസ്ഥന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും പ്രതിനിധികളുടെയും അഭിപ്രായം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കുന്നതിന് രാജ്യത്തിന് കൃത്യമായ ഭരണഘടനാ ചട്ടക്കൂടും സംവിധാനങ്ങളുമുണ്ട്. ജനാധിപത്യക്രമത്തിൽ ഇവിടെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങൾ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും. ഇന്ത്യയെ നന്നായി അറിയാവുന്നവർക്ക് ഇക്കാര്യങ്ങളിൽ നല്ല ബോധ്യമുണ്ട്- ബാഗ്ചി പറഞ്ഞു. ഹിജാബ് വിവാദത്തിൽ ചില രാജ്യങ്ങൾ അഭിപ്രായം പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.

ക്ലാസ് മുറികളിൽ ഹിജാബും കാവി ഷാളും വേണ്ട

ക്ലാസ് മുറികളിൽ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിലക്കിയതിന് എതിരായ ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർദ്ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കോടതി സർക്കാരിനു നിർദ്ദേശം നൽകി.

വിദ്യാഭ്യാസ സ്ഥപാനങ്ങളിൽ മതവസ്ത്രങ്ങൾ വേണ്ടെന്ന് ബെ്ഞ്ച് ഇന്നെ വാക്കാൽ വ്യക്തമാക്കിയിരുന്നു. ഹർജികളിൽ തീരുമാനമാവുന്നതുവരെ മതവസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളിൽ വേണ്ടെന്നാണ് ഉത്തരവ്. യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് കേസിൽ സുപ്രീം കോടതിയുടെ പരാമർശിച്ചത്. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എൻവി രമണ ഉചിത സമയത്ത് ഹർജി കേൾക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വസ്ത്രങ്ങൾ വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ അടിയന്തരമായി കേൾക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഹർജികളിൽ തീർപ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലിം വിദ്യാർത്ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹർജികളിൽ തുടർവാദം കേൾക്കുമെന്നും അതുവരെ മതവസ്ത്രങ്ങൾ ധരിക്കുന്നതിൽ നിർബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് നിർദ്ദേശിച്ചത്.

മതവസ്ത്രങ്ങൾ ധരിക്കുന്നതിൽ നിർബന്ധം പിടിക്കരുതെന്ന് വാക്കാൽ നിർദ്ദേശം നൽകുകയാണ്, ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചെയതത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമാധാനത്തോടെ പ്രവർത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഹർജികളിൽ എത്രയും വേഗം തീർപ്പാക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്താണ് വിഷയം സുപ്രീം കോടതിയിൽ മെൻഷൻ ചെയ്തത്. സ്‌കൂളുകളിലും കോളജുകളിലും മത ചിഹ്നങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനു ദൂരവ്യാപക പ്രത്യാഘാതമുണ്ടെന്ന് കാമത്ത് പറഞ്ഞു. ഇതു മുസ്ലിം വിദ്യാർത്ഥികൾക്കു മാത്രം ബാധകമായ കാര്യമല്ല. സിഖുകാർ തലപ്പാവു ധരിക്കുന്നുണ്ട്. ഇതെല്ലാം മാറ്റേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചു. ഹൈക്കോടതി ഇക്കാര്യം കേൾക്കുകയല്ലേ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതിയുടെ ഉത്തരവ് എന്തെന്നു വ്യക്തമല്ല. ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.