അഹമ്മദാബാദ്: രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് മർദ്ദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ താമസിക്കുന്ന 26-കാരിയാണ് ഭർത്താവിനെതിരേ പൊലീസിൽ പരാതി നൽകിയത്. രണ്ടാമത് ഒരു കുട്ടി കൂടി വേണ്ടെന്ന നിലപാടുകാരനായിരുന്നു ഭർത്താവ്. അതുകൊണ്ടു കൂടിയാണ് യുവതിയുടെ ആവശ്യം നിരാകരിച്ച ഭർത്താവ് മർദ്ദിച്ചതും. യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭർത്താവിനെതിരേ കേസെടുത്തു അന്വേഷണം തുടങ്ങി.

നാഗ്പുർ സ്വദേശികളായ പരാതിക്കാരിയും ഭർത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവർഷം തന്നെ ദമ്പതിമാർക്ക് ആൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറിൽ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. കുഞ്ഞ് വേണ്ടെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. തുടർന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭർത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാർ വഴക്കിടുന്നതും പതിവായി. പിന്നാലെ മർദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

മൊബൈൽ ഫോൺ കൊണ്ട് നെറ്റിയിൽ അടിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് പരാതിയിലെ ആരോപണം. പെൺകുട്ടികൾക്കായി പി.ജി. ഹോസ്റ്റൽ നടത്തുന്ന ഭർത്താവ് രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ആക്രമിച്ചെന്നും തുടർന്ന് ഭർതൃമാതാപിതാക്കളെ വിവരമറിയിച്ചെങ്കിലും അവർ തന്നെ വഴക്കുപറയുകയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

കഴിഞ്ഞമാസം മദ്യപിച്ചെത്തിയ ശേഷവും ഭർത്താവ് മർദിച്ചു. താൻ ഹോസ്റ്റൽ നടത്തിപ്പിന് എതിരുനിൽക്കുന്നതായി ആരോപിച്ചാണ് മർദിച്ചത്.