കൊച്ചി: സംസ്ഥാന സർക്കാറിനെ സ്വർണ്ണക്കടത്തു കേസിൽ അടക്കം പ്രതിക്കൂട്ടിലാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഇഡിയും കേരളാ പൊലീസും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. എന്നാൽ, ഇതിന് മറുപണിയുമായി രംഗത്തുവന്നിരിക്കയാണ് കേന്ദ്ര ഏജൻസികൾ. മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തന്നയൊണ് ഇഡിയുടെ തീരുമാനം.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാൽ കേസിൽ നിന്നു രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്നു പ്രതി സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ആയുധമാക്കി തിരിച്ചടിക്കാനാണ് ഇഡി ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോർട്ട്.

2020 ഡിസംബർ 16ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോൾ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐ ബി ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽനിന്നു ശേഖരിച്ച വിവരങ്ങളും സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പും സഹിതമാണു റിപ്പോർട്ട്. കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി പ്രേരിപ്പിച്ചതായുള്ള ആരോപണത്തിൽ കഴമ്പുണ്ടോയെന്നു കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കു നിർദ്ദേശം ലഭിച്ചിരുന്നു.

കോടതി ഉത്തരവു പ്രകാരം ഇഡിയുടെ കസ്റ്റഡിയിൽ നൽകിയ ഘട്ടത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിർന്ന വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയാണു മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും പേരുകൾ ഒരുകാരണവശാലും ഇഡിയോടു പറയരുതെന്നു നിർദേശിച്ചതെന്നാണു റിപ്പേർട്ടിൽ പറയുന്നത്. സ്വപ്‌ന ഉന്നതരുടെ പേരുകൾ പറയാതിരിക്കാൻ കാരണം ഈ ഉന്നത രാഷ്ട്രീയ സമ്മർദ്ദമാണെന്നും വ്യക്തമാക്കുന്നു. അധികം വൈകാതെ ജയിൽ മോചിതയാകാൻ സഹായിക്കാമെന്നും അതിനു കഴിവുള്ളവർ പുറത്തുണ്ടെന്നും ഉദ്യോഗസ്ഥ ഉറപ്പുനൽകി.

തുടർച്ചയായ ദിവസങ്ങളിൽ അവർ സുരക്ഷാ ഡ്യൂട്ടി ചെയ്തതായും 'ചിലരുടെ പ്രത്യേക നിർദേശപ്രകാരമാണ്' എത്തിയതെന്നു പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 'രണ്ടാം ദിവസം അവർ ഡ്യൂട്ടിക്കു വന്നപ്പോൾ ഒരു ഫോണുമായാണു വന്നത്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോടു പറയണമെന്നും സ്‌പെഷൽ ബ്രാഞ്ചിന് ഇക്കാര്യം എന്നിൽ നിന്നു നേരിട്ടു കേൾക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. അതിനു ശേഷം ഫോൺ എന്റെ അടുത്തേക്കു നീട്ടിപ്പിടിച്ചു'. വനിതാ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതു പോലെ താൻ ഫോണിൽ പറഞ്ഞതായും സ്വപ്ന മൊഴി നൽകി. ഇങ്ങനെ സംസാരിച്ചത് ആരോടാണെന്നോ സംഭാഷണം റെക്കോർഡ് ചെയ്യുന്ന കാര്യമോ അറിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നു. ശബ്ദരേഖാകേസ് അന്വേഷിക്കാൻ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്‌ട്രേട്ടിനോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേരള പൊലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഗൂഢാലോചനക്കും കേസെടുത്തിരുന്നു. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.

ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.

പൊലീസുകാർക്കെതിരെ ഡിജിപിക്ക് ഇഡിയും കത്ത് നൽകി. വ്യാജമൊഴി നൽകിയ വനിതാ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ഇഡിക്കെതിരായ മൊഴിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും പ്രതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതി തിരക്കഥയനുസരിച്ചാണെന്നും കത്തിൽ പറയുന്നു തിങ്കളാഴ്ചയാണ് എൻഫോഴ്‌സ്‌മെന്റ് കത്ത് നൽകിയത്. ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടുമെന്നും ഇഡി വ്യക്തമാക്കുന്നു.