തിരുവനന്തപുരം: കാർ മോഷ്ടിക്കാൻ വെറും 20 മിനിട്ട് മാത്രം മതി. അതും മാരുതി സ്വിഫ്റ്റിൽ സ്‌പെഷ്യലൈസേഷൻ. 2017 ആഗസ്റ്റിൽ തിരുവനന്തപുരം നഗര പരിധിയിൽ നിന്നും മൂന്നു മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തത് വഴി തുറന്നത് മോഷണത്തിന്റെ വമ്പൻ സ്രാവുകൾക്കിടയിലേക്കാണ്. റോഡരികിൽ നിറുത്തിയിട്ടിരിക്കുന്ന സ്വിഫ്റ്റ് കാറുകൾ മോഷ്ടിക്കുന്നതിൽ സിനിമയെ വെല്ലുന്ന പ്രകടനമാണ് ഈ സംഘം കാഴ്‌ച്ച വച്ചത്. മോഷണ പരമ്പര വീണ്ടും ആവർത്തിച്ചതോടെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് കേസ് ഏറ്റെടുത്തു. തൃശ്ശൂരിൽ നിന്നും 13 സ്വിഫ്റ്റ് കാറുകൾ മോഷണം പോയി എന്ന അമ്പരിപ്പിക്കുന്ന വാർത്ത പുറത്ത് വന്നതോടെ പൊലീസ് അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടി.

തൃശൂരിൽ നിന്നും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും പിന്നീടു മധുരയിലേക്കും നീണ്ട അന്വേഷണത്തിനൊടുവിൽ വലയിലായതു ഇന്ത്യയൊട്ടാകെ മോഷണം നടത്തുന്ന വൻസംഘം. ബിഎംഡബ്ല്യു കാറിൽ മോഷണത്തിനെത്തുന്ന സംഘത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത് അത്യാധുനിക ഉപകരണങ്ങൾ അടക്കമുള്ളവയാണ്. മധുരയിലെത്തി പിടികൂടാൻ ശ്രമിക്കവേ മുഖ്യപ്രതി നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥരെ ഓടിക്കാനും ശ്രമം നടന്നു. ആയുധം ഉപയോഗിച്ചുള്ള ചെറുത്തുനിൽപ്പു മറികടന്നാണു ഷാഡോ സംഘം പ്രധാനപ്രതിയെ മധുരയിൽനിന്നു കേരളത്തിലെത്തിച്ചത്.

രണ്ടു വനിതാ പൊലീസുകാർ ഉൾപ്പെടെ 34 പേരാണ് തിരുവനന്തപുരം സിറ്റി ഷാഡോയിലുള്ളത്. കഴിഞ്ഞ വർഷം അന്വേഷിച്ച നാലു കേസുകൾ പരിഗണിച്ച് ഈ സംഘത്തിലുള്ള 16 പേർക്ക് ഡിജിപി രണ്ടു ദിവസം മുൻപു ബാഡ്ജ് ഓഫ് ഓണർ ബഹുമതി നൽകി. കേരളത്തിലെ ഏറ്റവും മികച്ച ഷാഡോ ടീമുകളിലൊന്നെന്നാണ് എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി ഷാഡോയെക്കുറിച്ചു സമൂഹമാധ്യമത്തിൽ കുറിച്ചത്.

തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂർ, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ സ്ഥലങ്ങളിലെ മോഷണം കേന്ദ്രീകരിച്ചാണു ഷാഡോ ടീം അന്വേഷണത്തിനു തുടക്കം കുറിച്ചത്. മോഷണം നടന്ന സ്ഥലത്തെ മൊബൈൽ രേഖകൾ പരിശോധിച്ചു. ലക്ഷണക്കണക്കിനു നമ്പരുകളിൽനിന്ന് ആയിരത്തിലേക്കും പിന്നീടു നൂറിനു താഴേക്കും സംശയമുള്ള നമ്പരുകളുടെ പട്ടിക ചുരുക്കി. രേഖകൾ പരിശോധിക്കുന്നതിനിടയിലാണു കഴക്കൂട്ടത്തെ മോഷണ സ്ഥലത്തെ ടവറിനു കീഴിൽവന്ന ഒരു മൊബൈൽ നമ്പർ വിഴിഞ്ഞത്തെ മോഷണസ്ഥലത്തും ഉണ്ടായിരുന്നതായി പൊലീസ് മനസിലാക്കുന്നത്. തമിഴ്‌നാട് നമ്പരാണ്. ഈ നമ്പരിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വിലാസം തിരുച്ചിറപ്പള്ളിയാണെന്നു കണ്ടെത്തി. കഴക്കൂട്ടത്തുനിന്നു മോഷണം പോയ കാർ തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസ വഴി കടന്നുപോയതായും കണ്ടെത്താൻ കഴിഞ്ഞു. ഷാഡോ ടീം തിരുച്ചിറപ്പള്ളിയിലേക്കു പോയി. വിലാസം അറിയിച്ചപ്പോൾ അവിടുത്തെ പൊലീസിനു വലിയ തെരച്ചിലൊന്നും നടത്തേണ്ടിവന്നില്ല.

ആ സ്റ്റേഷൻ പരിധിയിലെയും തമിഴ്‌നാട്ടിലെയും വലിയ മോഷ്ടാവിനെയാണു കേരള പൊലീസ് അന്വേഷിക്കുന്നത്. പേര് പരമേശ്വരൻ. മോഷ്ടാവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തമിഴ്‌നാട് പൊലീസ് കൈമാറി. പരമേശ്വരന്റെ താമസസ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലും പരമേശ്വരന്റെ പുതിയ വിവരങ്ങൾ കിട്ടിയില്ല. അപ്പോഴാണു പരമേശ്വരന്റെ കൂട്ടുകാരൻ മുബാറക്കിന്റെ വിവരം തമിഴ്‌നാട് പൊലീസ് കൈമാറുന്നത്. അവരുടെ സഹായത്തോടെ മുബാറക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 'പരമേശ്വരൻ പുതിയൊരു മൊബൈൽ ഉപയോഗിക്കുന്നുണ്ട്' - മുബാറക്ക് വെളിപ്പെടുത്തി. ആ നമ്പരിന്റെ ലൊക്കേഷൻ മധുരയിലാണ്. ഷാഡോ ടീം മധുരയിലേക്കു തിരിച്ചു. മധുര പൊലീസ് സഹായത്തിനെത്തി.

പരമേശ്വരന്റെ താമസ സ്ഥലത്തെത്തിയ ഷാഡോ സംഘത്തിനു കാണാനായതു വലിയ മതിൽക്കെട്ടിനുള്ളിലെ ആഡംബര ബംഗ്ലാവാണ്. കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷിന്റെ നേതൃത്വത്തിൽ ഒൻപതംഗ ഷാഡോ സംഘം രാത്രി മതിൽചാടികടന്നു വീടു വളഞ്ഞു. അഴിച്ചുവിട്ടിരുന്ന കൂറ്റൻ നായ്ക്കളെ മറികടന്നു സംഘം വാതിൽ തകർത്ത് അകത്തേക്കു കയറി. വെട്ടുകത്തിയുമായി പരമേശ്വരൻ നേരിട്ടു. പൊലീസ് തോക്കു ചൂണ്ടി ബലപ്രയോഗത്തിലൂടെ കീഴടക്കി. നിയമവശങ്ങൾ നിരത്തി അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരിസരവാസികളും കൂട്ടാളികളും അറിയുന്നതിനു മുൻപു പരമേശ്വരനുമായി കേരള സംഘം അതിർത്തി കടന്നു.

ഭാര്യ വക്കീൽ, മോഷണത്തിന്റെ മധുരരാജയുടെ കഥയിങ്ങനെ

തമിഴ്‌നാട്ടിൽ എഴുപതോളം മോഷണക്കേസിൽ പ്രതിയായിരുന്നു പരമേശ്വരൻ. ഭാര്യ മധുര കോടതിയിൽ വക്കീൽ. അവരാണു മോഷണക്കേസുകൾ വാദിക്കുന്നത്. വ്യാജപേരിലുള്ള അൻപതോളം സിമ്മുകളും മൊബൈൽ ഫോണുകളും കാറിന്റെ പൂട്ടു തകർക്കാനുള്ള ഉപകരണങ്ങളും പരമേശ്വരന്റ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തു.ഹൈവേയിൽ ജനത്തിരക്കില്ലാത്ത സ്ഥലത്തുകിടക്കുന്ന കാറുകൾക്കരികിലേക്ക് ഇയാളുടെ സംഘം ആംഡംബര വാഹനങ്ങളിലെത്തും. മോഷ്ടിക്കേണ്ട കാറിന്റെ സെഡ് ഗ്ലാസുകൾ ഇളക്കി മാറ്റും. വാഹനത്തിന്റെ അലാം സംവിധാനം പ്രത്യേക ഉപകരണം ഉപയോഗിച്ചു നിശബ്ദമാക്കും.

കാറിലെ ഇഗ്‌നിഷ്യൻ സിസ്റ്റം നീക്കം ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി യോജിപ്പിച്ചു പുതിയ ഇഗ്‌നിഷ്യൻ സംവിധാനം ഇൻസ്റ്റാൾ ചെയ്യും. കാറിന്റെ സ്റ്റിയറിങ് തകർത്ത് 20 മിനിട്ടിനുള്ളിൽ കാറുമായി കടക്കും (പൊലീസ് വിശദീകരണം). സംഘത്തിലുള്ളവർക്കു മോഷണത്തിന്റെ സാങ്കേതിക വിദ്യകൾ പരമേശ്വരൻ കൈമാറിയിരുന്നില്ല. മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടവരെ സംഘത്തിൽ ചേർക്കില്ല. ചെന്നൈ സിറ്റി, മധുര, തിരുച്ചിറപ്പള്ളി, വെയിലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണു മോഷ്ടിച്ച വാഹനങ്ങൾ വിൽപ്പന നടത്തിയിരുന്നത്.

തിരുവനന്തപുരത്തുനിന്ന് ഏഴും തൃശൂരിൽനിന്ന് 14ഉം പാലക്കാട് മലപ്പുറം എന്നിവിടങ്ങളിൽനിന്നായി ഓരോ കാറുകളും മോഷ്ടിച്ചതായി ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. സ്വിഫ്റ്റ് കാറുകൾക്കു തമിഴ്‌നാട്ടിൽ ആവശ്യക്കാരേറെയുള്ളതിനാലാണ് ഈ കാറുകൾതന്നെ മോഷണസംഘം തിരഞ്ഞെടുത്തത്. ഇപ്പോൾ മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ജയിലിലാണ് പരമേശ്വരൻ.പെൺവാണിഭ സംഘത്തിലെ അംഗവും ബാലപീഡനക്കേസിലെ പ്രതിയുമായ രഞ്ജു കൃഷ്ണന്റെ കൊലപാതകക്കേസ് തെളിയിച്ചതാണ് ഷാഡോ ടീമിന്റെ 2017ലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഈ കേസിലെ നാലു പ്രതികളെ സിറ്റി ഷാഡോ ദിവസങ്ങൾക്കകം പിടികൂടി.

പ്രതികളിലൊരാളുടെ മകളെയും ഇവരുടെ സുഹൃത്തായ സ്ത്രീയുടെ മകളെയും രഞ്ജു പീഡിപ്പിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. രഞ്ജു കൃഷ്ണന്റെ പേരിൽ നിരവധി കേസുകളുണ്ടായിരുന്നു. രഞ്ജുവിനെ കൊലപ്പെടുത്തിയാലും അയാൾ ഒളിവിലായിരിക്കുമെന്നു പൊലീസ് കരുതുമെന്നായിരുന്നു പ്രതികൾ ചിന്തിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. ശ്രീകാര്യത്തെ ബിജെപി പ്രവർത്തകന്റെ കൊലയാളികളെ പിടികൂടിയതും നഗരത്തിലെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടിയതും അവാർഡിനായി പരിഗണിച്ചു