കണ്ണുർ: ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ പിടിയിലായത് കണ്ണുർ നഗരത്തിൽ നിന്നാണെന്ന് തെളിഞ്ഞു. കോർപറേഷൻ പരിധിയിലെ ഒരു ആശുപത്രിക്ക് മുൻപിലെ വീട്ടിൽ നിന്നാണ് ഇവരെ ദേശീയ അന്വേഷണ ഏജൻസിപിടികൂടിയത്. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂരിലും ഡൽഹിയിലും നിന്നുമെത്തിയ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

ഇരുവരെയും കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് 'നേടിയതിനു ശേഷം ചോദ്യം ചെയ്യാനായി ഡൽഹിയിലേക്ക് കൊണ്ടുപോയി. കണ്ണൂർ ടൗൺ സ്റ്റേഷനിലുള്ള വനിതാ പൊലിസുകാരുൾപ്പെടെയുള്ള സംഘം കോടതിയിൽ ഹാജരാക്കുമ്പോൾ ഇവരോടൊപ്പമുണ്ടായിരുന്നു.

കണ്ണൂർ നഗര മധ്യത്തിൽ നിന്ന് അതീവ രഹസ്യമായാണ് എൻ.ഐ.എ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ തായെത്തെരു ചെയ്ക്കിന്റകത്ത് ഷിഫ ഹാരിസ്, താണ ഓർമ്മ വീട്ടിൽ മിസ് ഹ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ഐഎസിലക്ക് ആളെ നിയമിക്കുക, ഐഎസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഇതിനായി സാമുഹിക മാധ്യമങ്ങൾ ഉപയോഗിക്കുക, ഇന്ത്യയിൽ ഐഎസ്സിന്റെ പ്രൊവിൻസ് ഉണ്ടാക്കുക എന്നിങ്ങനെയാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങൾ.

അഞ്ചുമാസം നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് യുവതികൾ പിടിയിലായത്. ഇവർ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് മംഗലാപുരത്തു നിന്നും പിടിയിലായ അമീർ അബ്ദുൽ റഹ്മാനെ കൂടി ചോദ്യം ചെയ്തപ്പോഴാണ് ഷിഫയുടേയും മിസ് ഹയുടെയും പങ്കു വ്യക്തമായത് എന്നാണ് വിവരം.

ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാൾ അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ പറയുന്നത്.