പത്തനംതിട്ട: കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന്റെ സഹോദരനും അടൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും മാനേജരുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇൻകംടാക്സിന്റെ കൊല്ലം യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. മധുവിന്റെ കലഞ്ഞൂരിലെ വീട്, ഉടമസ്ഥതയിലുള്ള മാവനാൽ ഗ്രാനൈറ്റ്സ്, മധുവിന്റെ സ്ഥാപനങ്ങളുടെ മാനേജർ ഉണ്ണികൃഷ്ണന്റെ കോന്നിയിലെ വീട് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ ഏഴു മുതൽ പരിശോധന ആരംഭിച്ചത്.

മധുവിന്റെയും മാനേജരുടെയും വീട്ടിലെ പരിശോധന ഇന്ന് രാവിലെ അവസാനിച്ചു. മാവനാൽ ഗ്രാനൈറ്റ്സിൽ പരിശോധന തുടരുകയാണ്. കലഞ്ഞൂർ മേഖല കേന്ദ്രീകരിച്ച് വൻകിട ക്വാറി നടത്തുന്നയാളണ് മധു. സർക്കാരിന് റോയൽട്ടി ഇനത്തിൽ വൻ തുക നൽകാനുണ്ടെന്നും പറയുന്നു. ഇതിന് പുറമേ സർക്കാർ പുറമ്പോക്ക് കൈയേറി പാറ പൊട്ടിക്കുന്നതായും പരാതിയുണ്ട്.

അതേ സമയം, ബിജെപി ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിന്റെ പേരിലാണ് മധുവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത് എന്നൊരു ആരോപണം ഇടതു കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. പാറമടയിലും ക്രഷർ യൂണിറ്റിൽ നിന്നുമുള്ള യഥാർഥ വരുമാനം മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നത്. ഇന്നലെ തന്നെ ഈ വിവരം മുഖ്യധാരാ മാധ്യമങ്ങൾ അറിഞ്ഞിരുന്നുവെങ്കിലും ആരും റിപ്പോർട്ട് ചെയ്തിട്ടില്ല.

മധുവിന്റെ സാമ്പത്തിക കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് മാനേജർ ഉണ്ണികൃഷ്ണനാണ്. നിർണായക രേഖകൾ മധുവിന്റെയും ഉണ്ണികൃഷ്ണന്റെയും വീട്ടിൽ നിന്ന് പിടിച്ചെടുത്തുന്നുവെന്നാണ് വിവരം. കെഎൻ ബാലഗോപാലിന്റെ മൂത്ത സഹോദരനാണ് കലഞ്ഞൂർ മധൂ. എൻഎസ്എസ് ഡയറക്ടർ ബോർഡംഗം കൂടിയാണ്.