തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാംവരവിൽ ആരൊക്കെ മന്ത്രിമാരാകുമെന്നതിനെ പറ്റി പല അഭ്യൂഹങ്ങളും പ്രചരിക്കുമ്പോൾ ഔദ്യോഗിക വസതി ഒഴിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പല പേരുകളും അന്തരീക്ഷത്തിലുണ്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും പതിനേഴിന് യോഗം ചേരാൻ ഇരിക്കുന്നതെ ഉള്ളു. രണ്ടാം വരവിൽ പിണറായി മന്ത്രിസഭയിൽ പുതുമുഖ നിരയുമായി സിപിഎം പുത്തൻ രാഷ്ട്രീയ പരീക്ഷണത്തിനെന്ന വാർത്തകൾ ശരിവയ്ക്കുന്നതാണ് കടകംപള്ളിയുടെ ഈ വീടൊഴിയൽ.

ഈ സർക്കാരിന്റെ തുടക്കകാലത്ത് കവടിയാറിലെ സുമാനുഷമായിരുന്നു കടകംപള്ളിയുടെ ഒൗദ്യോഗികവസതി. യുഡിഎഫ് സർക്കാരിന്റെ കാലത്തു ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായി ക്രമീകരിച്ച സുമാനുഷം മറ്റു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആദ്യം കടകംപള്ളി തിരഞ്ഞെടുക്കുകയായിരുന്നു. തൈക്കാട് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയായതിനാൽ 2017 ജനുവരിയോടെ അതിലേക്കു മാററിയ അദ്ദേഹം ശബരിമല വിവാദകാലത്തൊക്കെയാണ് തയ്ക്കാട് ഹൗസിലായിരുന്നു..

പട്ടം എൽഐസി ലൈനിലെ സ്വന്തം വീട്ടിലേയ്ക്ക് അദ്ദേഹം താമസം മാറ്റുമ്പോൾ ഉയരുന്ന ചോദ്യം തൈക്കാട് ഹൗസിൽ ഇനിയാര് എന്നതാണ്. അതിനുത്തരം കിട്ടണമെങ്കിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വരെ കാത്തിരിക്കേണ്ടിവരും.

കഴിഞ്ഞ മന്ത്രിസഭയിലെ പല പ്രമുഖരും ഇത്തവണ മൽസരരംഗത്തില്ലാത്തതിനാൽ നേരത്തെതന്നെ വീടൊഴിഞ്ഞിരുന്നു. ചിലർ വീടൊഴിയാനുള്ള ഒരുക്കത്തിലുമാണ്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വീടൊഴിഞ്ഞ് നാട്ടിലേക്ക് പോയി. തോറ്റ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഉടൻ വീടൊഴിയും. ജയിച്ച മന്ത്രിമാരിൽ ആർക്കൊക്കെ വീണ്ടും മന്ത്രിമന്ദിരങ്ങളിൽ താമസിക്കാൻ ഭാഗ്യമുണ്ടാകും? നിലവിലെ ഘടകകക്ഷി മന്ത്രിമാർക്കടക്കം വീണ്ടും മന്ത്രിയാകും എന്നുറപ്പില്ല. മന്ത്രിമാർ ആരൊക്കെയെന്നറിഞ്ഞിട്ട് ഒഴിയാൻ കാത്തിരിക്കുന്നവരുമുണ്ട്. പുതിയ മന്ത്രിമാർ വരുമ്പോൾ മന്ദിരങ്ങൾ പുതുക്കണം. അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

ഇന്നലത്തെ പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയായില്ലെങ്കിലും, ഇക്കുറി പുതുമുഖ മന്ത്രിമാരാകട്ടെ എന്നതാണ് സിപിഎം താത്പര്യം. കെ.കെ. ശൈലജയ്ക്കും എ.സി. മൊയ്തീനും ഇളവുണ്ടായേക്കും. സിപിഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും. മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി 17ന് എൽ.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചിരിക്കെ, സത്യപ്രതിജ്ഞയ്ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ടിവരും. 18 ന് സംസ്ഥാന നേതൃയോഗങ്ങളുമുണ്ട്. അതിനു ശേഷം എപ്പോൾ വേണമെങ്കിലും സത്യപ്രതിജ്ഞ നടക്കാം. പിണറായി വിജയന്റെ ജന്മദിനം 24നാണ്. കഴിഞ്ഞ തവണ ജന്മദിനത്തിനു പിറ്റേന്നായിരുന്നു സത്യപ്രതിജ്ഞ.