കൊച്ചി: ഫ്‌ളാറ്റിൽ താമസിപ്പിച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൽ ജോസഫിന് സിനിമ നിർമ്മിക്കാനും പദ്ധതി ഉണ്ടായിരുന്നതായി പൊലീസ്. ഇതിനായി ഇയാൾ പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയിൽനിന്നു പലപ്പോഴായി പണം വാങ്ങി. ഫാഷൻ ഡിസൈനറായ യുവതി സിനിമയിൽ അവസരത്തിനു ശ്രമിച്ചിരുന്നവെന്നാണ് പൊലീസ് കരുന്നത്.

ആളുകളിൽനിന്നു പണം കടംവാങ്ങി കൂടുതൽ പലിശയ്ക്ക് മറിച്ചുനൽകുന്ന ഇടപാടും മാർട്ടിനുണ്ടായിരുന്നു. ഇങ്ങനെ സമ്പാദിച്ച പണമുപയോഗിച്ചാണ് ആഡംബരജീവിതം നയിച്ചിരുന്നത്. ഇരയായ യുവതിക്കൊപ്പം ഒരുവർഷമായി ഇയാൾ ഹൈക്കോടതിക്കു സമീപമുള്ള ഫ്ളാറ്റിൽ താമസിച്ചുവരുകയായിരുന്നു. യുവതി പരാതി നൽകുന്നതിനു മുമ്പുള്ള 25 ദിവസമാണു ക്രൂരപീഡനം നടന്നത്.

സിനിമാ മോഹം നടക്കാതെവന്നപ്പോഴാകാം യുവതി പണം തിരികെ ചോദിച്ചതെന്നു പൊലീസ് സംശയിക്കുന്നു. മാർട്ടിൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. പണം കടംവാങ്ങിയതുമായി ബന്ധപ്പെട്ടാണു മാർട്ടിനുമായി തെറ്റിയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ ശാരീരികപീഡനം തുടങ്ങി. കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.

യുവതിയെ പീഡിപ്പിച്ചതായി പ്രാഥമികചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടില്ല. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോൺ ഓഫ് ചെയ്ത നിലയിലാണ്. യുവതി സുഹൃത്തിനൊപ്പം ബംഗളുരുവിലാണെന്നാണു സൂചന. അതേസമയം മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകളും രംഗത്തുവന്നിട്ടുണ്ട്. രണ്ടു സ്ത്രീകൾ കൂടിയാണ് പരാതി നൽകിയിരിക്കുന്നത്. മാർട്ടിനെതിരെ കൂടുതൽ പരാതിയുള്ളവർ പൊലീസിൽ പരാതി നൽകണമെന്ന് ഇന്നലെ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രണ്ടു സ്ത്രീകൾ പരാതിയുമായി എത്തിയത്.

ഈ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മാർട്ടിനിൽ നിന്നും തങ്ങൾക്കും മാനസികവും ശാരീരികവും ആയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. മാർട്ടിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും. ഓൺലൈനിലൂടെ കോടതിയിൽ ഹാജരാക്കിയ മാർട്ടിനെ ഈ മാസം 23 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാർട്ടിന്റെ മൊബൈൽ ഫോൺ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 43000 രൂപ മാസവാടകയുള്ള ഫ്ലാറ്റിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.

മാർട്ടിനെ കസ്റ്റഡിയിൽ കിട്ടിയിൽ അടുത്ത ആഴ്ച തന്നെ ആദ്യം പരാതി നൽകിയ യുവതി പീഡിപ്പിക്കപ്പെട്ട മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിൻ ഒളിച്ചു താമസിച്ച കാക്കനാടുള്ള ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തും. ഒപ്പം പിന്നീട് ഒളിവിൽ കഴിഞ്ഞ തൃശൂരിവെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് ഉണ്ടാവും.