കൊച്ചി: കൊച്ചിയിലെ വാഹനാപകടത്തിൽ മോഡലുകൾ മരണപ്പെട്ട സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന ആഷിഖ് എന്ന സുഹൃത്തും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ആഷിഖിന്റെ സഹോദരൻ കെ എം അൻഷാദ് രംഗത്തുവന്നു. മോഡലുകൾക്കൊപ്പം കൊച്ചിയിൽ അപകടത്തിൽപ്പെട്ട ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്റെ കൂടെയാണ് ആഷിഖ് എറണാകുളത്തേക്ക് പോയതെന്നും അൻഷാദ് പറഞ്ഞു.

മരിച്ച മോഡലുകളെ അന്നാണ് ആഷിഖ് ആദ്യം കാണുന്നത്. അബ്ദുറഹ്മാനും ആഷിഖും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്. അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയതെന്നും അൻഷാദ് വ്യക്തമാക്കി. ഹോട്ടൽ ഉടമ ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും അൻഷാദ് ആരോപിച്ചു. പരിയചമില്ലാത്ത ആളുകളാണ് കാറിൽ പിന്തുടർന്നത്. മോഡലുകളുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് പറഞ്ഞത്. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുംവരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അൻഷാദ് വ്യക്തമാക്കി.

ഒമാനിൽ ജോലി ചെയ്തിരുന്ന ആഷിഖ് ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. തുടർന്ന് പുനെയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. അപകടം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ആഷിഖ് നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആഷിഖിന്റെയും അൻഷാദിന്റെയും മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു.

നവംബർ ഒന്നിന് പുലർച്ചെയാണ് ഇടപ്പള്ളി -പാലാരിവട്ടം ബൈപാസിൽ മുൻ മിസ് കേരള അൻസി കബീറും മുൻ റണ്ണറപ്പ് അഞ്ജന ഷാജനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ. പാർട്ടിക്ക് ശേഷം മടങ്ങവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എം. മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാർ ഡ്രൈവറും മാള സ്വദേശി അബ്ദുറഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് അബ്ദുറഹ്മാൻ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ റോയ് ജോസഫ് വയലാട്ടിലും ജീവനക്കാരും അടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മോഡലുകളുടെ കാറിനെ അമിതവേഗത്തിൽ പിന്തുടർന്ന സൈജു തങ്കച്ചനും അറസ്റ്റിലായി. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

അതേസമയം കേസിൽ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ജാമ്യം ലഭിച്ചില്ല. സെജുവിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. സൈജുവിനെ കോടതി റിമാന്റ് ചെയ്തു. കൊച്ചിയിൽ മോഡലുകളടക്കം 3 പേരുടെ മരണത്തിനിടയാക്കിയ കേസിൽ പൊലീസ് സൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. നമ്പർ 18 ഹോട്ടലിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സൈജു തങ്കച്ചൻ ഇവരെ കാറിൽ പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് സൈജുവിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. സൈജുവിന് ജാമ്യം നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സൈജുവിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

ഡി ജെ പാർട്ടികളിൽ സജീവമായിരുന്ന സൈജു തങ്കച്ചന് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര, ഇൻഫോ പാർക്ക്, മരട്, പനങ്ങാട്, ഫോർട്ട് കൊച്ചി, ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ എന്നിവിടങ്ങളിലാണ് സൈജുവിനെതിരെ പൊലീസ് കേസെടുക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിന്റെ ഫോൺ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ലഹരി ഉപയോഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. സൈജു ലഹരി ഉപയോഗിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്

മദ്യപിച്ച് വണ്ടി ഓടിക്കരുത് എന്ന് ഉപദേശിക്കുവാൻ മാത്രമാണ് താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതെന്നാണ് സൈജു പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണ സംഘം ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരിഞ്ഞതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കേരളത്തിനകത്തും പുറത്തും ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു. ഇതേ ബന്ധം തന്നെയാണ് നമ്പർ 18 ഹോട്ടലുടമയുമായി ഇയാൾക്ക് ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത് നൽകാൻ ശ്രമിച്ചതും പിന്തുടർന്നതും ദുരുദ്ദേശ്യപരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്‌സൈസ് മേധാവി എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച് മദ്യം വിളബിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്‌സൈസ് കണ്ടെത്തി.