കൊച്ചി: വ്യാപാരിയെ ഹണിട്രാപ്പിലാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫോർട്ട് കൊച്ചി സ്വദേശിനി നസ്നി ആളു ചില്ലറക്കാരിയല്ല. നിരവധി പേരെ വശീകരിച്ച് വാടക വീട്ടിലെത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പണം നഷ്ടപ്പെട്ടവർ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരാത്തതാണ് നിലവിലെ പ്രശ്നമെന്ന് തൃക്കാക്കര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് നസ്നി പ്രധാനമായും ഇരകളെ കണ്ടെത്തിയിരുന്നത്. ചാറ്റിങ്ങിൽ തുടങ്ങുന്ന ബന്ധം ഒടുവിൽ കിടപ്പറയിലെത്തുമ്പോഴാണ് പലരും തട്ടിപ്പാണ് എന്ന് അറിയുന്നത്. നഗ്‌ന ചിത്രങ്ങൾ പകർത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തു. കൂടാതെ തട്ടിപ്പിനിരയാകുന്നവരുടെ ഭാര്യയുടെയും കുടുംബക്കാരുടെയും മൊബൈൽ നമ്പരുകളും ഇവരുടെ പക്കൽ നിന്നു തന്നെ ചോദിച്ചു മനസ്സിലാക്കും. നമ്പരുകൾ കൈമാറാൻ വിസമ്മതിക്കുന്നവരെ ക്രൂരമായി മർദ്ദിക്കും. ഫെയ്സ് ബുക്കിന്റെ യൂസർ ഐഡിയും പാസ് വേർഡും വാങ്ങി സൂക്ഷിക്കുയും ചെയ്യും. പണം നൽകാൻ വിസമ്മതിച്ചാൽ സ്വന്തം ഫെയ്സ് ബുക്ക് ഐഡി വഴി പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പു നൽകും. ഇത്തരത്തിൽ ഹണിട്രാപ്പിൽ വീണ പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടർന്നാണ് നസ്നിയെയും സംഘത്തെയും പൊലീസ് കുരുക്കിലാക്കിയത്.

പച്ചാളം സ്വദേശിയായ വ്യാപാരി നസ്നിയെ പരിചയപ്പെടുന്നത് ഒരു സുഹൃത്ത് വഴിയാണ്. മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറുകയും ഫോൺ വഴി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നസ്നി വ്യാപാരിയെ തൃക്കാക്കര മുണ്ടം പാലത്തെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല. കിടപ്പു മുറിയിലേക്ക് നസ്നി ക്ഷണിച്ച ശേഷമാണ് മറ്റ് മൂന്ന് പേർ രംഗപ്രവേശം ചെയ്തത്. യുവാക്കൾ അതി ക്രൂരമായി വ്യാപാരിയെ മർദ്ദിക്കുകയും വിവസ്ത്രനാക്കിയ ശേഷം ചിത്രങ്ങൾ പകർത്തുകയും ചെയ്തു. അർദ്ധ നഗ്‌നയായ നസ്നിയെയും വ്യാപാരിയേയും ഒരുമിച്ച് കിടത്തികൊണ്ടുള്ള ചിത്രങ്ങളും എടുത്തു. ഈ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡ് തട്ടിയെടുത്ത ശേഷമാണ് ഒരു ലക്ഷത്തിലധികം രൂപ സംഘം കവർന്നത്. പിന്നീട് വ്യാപാരിയെ വെറുതെ വിട്ടെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് നസ്നി വിളിച്ചു. ഗത്യന്തരമില്ലാതെ വ്യാപാരി തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് മുണ്ടംവേലിയിലെ വാടക വീട്ടിലെത്തിയെങ്കിലും സംഘം കടന്നു കളഞ്ഞിരുന്നു. വാടക കരാറിലെ വിലാസം കണ്ടെത്തിയാണ് പ്രതികളിൽ ഒരാളെ പൊലീസ് കണ്ടെത്തിയത്. കൂടാതെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ചിത്രങ്ങൾ കണ്ടെത്തി. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളിലായി കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടിയത്.

എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് (21), ഫോർട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേൽ വീട്ടിൽ സാജിദ് (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ഥലത്ത് കവർച്ച നടത്തി പിരിയുന്ന സംഘം അടുത്ത കവർച്ചയ്ക്കായി വീണ്ടും ഒത്തുചേരുന്നതായിരുന്നു പതിവ്. പ്രതിയായ സാജിദ് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയാണ് നിർണ്ണായകമായത് പ്രതികളെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെയും മറ്റും നസ്നി ഫോൺ വിളിച്ച് വശീകരിക്കും. പിന്നീട് ബ്ലാക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. തൃക്കാക്കര അസി. കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിൽ തൃക്കാക്കര സിഐ. ആർ. ഷാബു, എസ്‌ഐ.മാരായ മധു, സുരേഷ്, ജോസി, എഎസ്‌ഐ.മാരായ അനിൽകുമാർ, ഗിരീഷ് കുമാർ, ബിനു, സീനിയർ സി.പി.ഒ.മാരായ ജാബിർ, ഹരികുമാർ, ദിനിൽ, രജിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കസ്റ്റഡിയിൽ വാങ്ങുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. നിരവധി പേർ ഇവരുടെ പീഡനത്തിനും തട്ടിപ്പിനും ഇരയായിട്ടുള്ളതിനാൽ വിശദമായ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അവരെ കണ്ടെത്താൻ കഴിയൂ. പലരും മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരുന്നില്ല. പച്ചാളം സ്വദേശിയായ വ്യാപാരിയെ നിരന്തരം പണം ചോദിച്ച് ബുദ്ധിമുട്ടിച്ചതിനാലാണ് പരാതി പൊലീസിന് മുന്നിലെത്തിയത്. ഇല്ലെങ്കിൽ ഇപ്പോഴും നസ്നിയും സംഘവും തട്ടിപ്പു തുടർന്നേനെ. തട്ടിപ്പ് നടത്തിയ പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിനോട് സംഘം പറഞ്ഞത്. ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ.