കണ്ണൂർ: നവവധു ഭർതൃബന്ധുവിന്റെ ജന്മദിനപാർട്ടി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി. ആത്മഹത്യാപ്രേരണകുറ്റത്തിന് പ്രതിയായതിനെ തുടർന്ന് ഒളിവിൽപോയ ഭർത്താവിനെ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. ഇതോടെ ഇയാൾക്കായി കതിരൂർ പൊലിസ് തെരച്ചിൽ ശക്തമാക്കി.

പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യുന്നതിന് ബന്ധുവീടുകളിൽ ഉൾപ്പെടെ പൊലിസ് തെരച്ചിൽ നടത്തി വരികയാണ്. സംഭവത്തിനു ശേഷം ഇയാൾ അറസ്റ്റു ഭയന്ന് ഒളിവിൽ പോവുകയായിരുന്നു. കതിരൂർ നാലാം മൈലിലെ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസിൽ സച്ചിൻ (32) നൽകിയ മുൻകൂർ ജാമ്യഹർജിയാണ് ജഡ്ജി നിസാർ അഹമ്മദ് തള്ളിയത്. പിണറായി പടന്നക്കര സൗപർണികയിൽ മേഘയെ (28) ജൂൺ 10ന് രാത്രിയാണ് ഭർതൃവീടിന്റെ മുകൾനിലയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

പണത്തിനും സ്വർണത്തിനുമായി സച്ചിൻ ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇൻക്വസ്റ്റ് സമയത്ത് മൃതദേഹത്തിലെ 11 മുറിവ് തഹസിൽദാർ രേഖപ്പെടുത്തിയതാണ്. 16 മുറിവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. പൊലീസ് ശേഖരിച്ച സച്ചിന്റെ ഫോൺകോൾ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പ്രോസിക്യൂഷൻ വാദവും രേഖകളും പരിശോധിച്ചാണ് മുൻകൂർജാമ്യ ഹർജി തള്ളിയത്. കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്ന മേഘയും ഫിറ്റ്നസ് പരിശീലകനായ സച്ചിനും ഏപ്രിൽ രണ്ടിനാണ് വിവാഹിതരായത്. നേരത്തെ കതിരൂർ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിനാണ്. സച്ചിന്റെ മാനസികവും ശാരീരികവുമായ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയെന്നാണ് കേസ്.

മേഘയുടെ മരണത്തിനു കാരണം സച്ചിന്റെ സംശയരോഗത്താലുള്ള ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. കതിരൂർ നാലാം മൈലിയിൽ ജിംനേഷ്യം നടത്തിപ്പുകാരനാണ് സച്ചിൻ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിനു ശേഷം മേഘയ്ക്ക് കോഴിക്കോട്ടെ ഒരു ഐ.ടി കമ്പിനിയിൽ ജോലി ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ദമ്പതികൾ തമ്മിലുള്ള അഭിപ്രായഭിന്നത തുടങ്ങുന്നത്.

മകൾ ഭർതൃവീട്ടിൽ അതിക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പിതാവിന്റെ പരാതി. സംഭവത്തിനു ശേഷം സച്ചിനെതിരെ മേഘയുടെ ബന്ധുക്കളുടെ പരാതിയിൽ കതിരൂർ പൊലിസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു.വിവാഹത്തിന് ശേഷം മേഘ തന്നിൽ നിന്നും അകന്നുപോവുമോയെന്ന ആശങ്കയാൽ കടുത്ത സംശയരോഗിയായ സച്ചിൻ മേഘയുടെ ഫോണും ശമ്പളവും പിടിച്ചുവാങ്ങുകയും തന്റെ മകളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു മേഘയുടെ പിതാവും ബന്ധുക്കളും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിവാഹശേഷം ബന്ധക്കളോട് പോലും ഇടപെടാൻ മേഘയെ അനുവദിച്ചിരുന്നില്ല. മേഘയുടെ പെൺസുഹൃത്തുക്കൾ വിളിച്ചാൽ പോലും സച്ചിൻ അസഭ്യം പറഞ്ഞിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പോലും ഇയാളാണ് വാങ്ങിയിരുന്നതെന്നും അധ്വാനിച്ചുലഭിക്കുന്ന പണത്തിൽ നിന്നും ഒന്നും കൊടുക്കാറില്ലെന്നും ഇതുകാരണം മേഘ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിക്രൂരമായ മർദ്ദനത്തിന് മേഘ ഇരയായെന്ന പരാതി സാധൂകരിക്കുന്നതാണ് പോസ്റ്റു മോർട്ടം. കതിരൂർ നാലാംമൈലിൽ ജിംനേഷ്യം നടത്തിപ്പുകാരനായ സച്ചിൻ ബോഡി ബിൽഡർ കൂടിയാണ്. ഇയാളും അമ്മയും മാത്രമേ വീട്ടിൽ താമസമുള്ളൂ. മേഘയെ ഇയാൾ വിവാഹം കഴിച്ചത് പ്രണയിച്ചാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അടുത്തത്. മേഘയുടെ കുടുംബത്തിന് വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും അവളുടെ ഇഷ്ടത്തിനനുസരിച്ചു നടത്തിക്കൊടുക്കുകയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന മേഘ എൻജിനിയറിങ് ബിരുദധാരിണിയാണ്. വിവാഹത്തിന് മുൻപെ തന്നെ കോഴിക്കോട്ടെ ഒരു പ്രമുഖ ഐ.ടി കമ്പനിയുടെ നിയമന ഉത്തരവ് ലഭിച്ചിരുന്നു. ജോലി കയറിയാൽ പിന്നെ അവധിയെടുക്കാൻ കഴിയില്ലെന്ന മേഘയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹം ധൃതിപിടിച്ചു നേരത്തെ നടത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.