കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. തെങ്കാശിയിൽ നിന്നും പിടികൂടിയ പത്മകുമാറിനെ ആറു വയസുകാരി തിരിച്ചറിഞ്ഞു. കഷണ്ടിക്കാരൻ മാമൻ എന്നാണ് പെൺകുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഇത് ശരിവച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇപ്പോൾ പ്രതിയുടെ ചിത്രം പൊലീസ് പെൺകുട്ടിയെ കാണിച്ചപ്പോൾ അത്് പത്മകുമാറാണെന്നും ശരിവെച്ചു.

്അതേസമയം കേസിൽ ഇനിയും ചുരുളഴിയാൻ കാര്യങ്ങൾ ഏറെയുണ്ട്. മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളിയും എത്തിയിരുന്നു. ഒരു സ്ത്രീ ആയിരുന്നു വിളിച്ചത്. ഇത് ആരാണ് എന്നാണ് അറിയേണ്ട കാര്യം. തട്ടിക്കൊണ്ടു പോകാൻ സഹായിച്ച മറ്റു കൂട്ടാളികളും ആരൊക്കെ എന്ന കാര്യം അറിയേണ്ടതുണ്ട്. ഇതേക്കുറിച്ചെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിൽ തന്നെ ഇതേക്കുറിച്ചു വ്യക്തമാകുമെന്നാണ് കണക്കുകൂട്ടൽ.

നേരത്തെ തെങ്കാശിയിൽ നിന്നാണ് പ്രതകളെ പിടികൂടിയത്. അടൂർ കെഎപി ക്യാമ്പിൽ പിടികൂടിയ മൂന്ന് പേരുടേയും ചോദ്യം ചെയ്യൽ തുടരുകയാണ്. ചാത്തന്നൂർ സ്വദേശിയാണ് പത്മകുമാർ. ഇയാളുടെ ഭാര്യ കവിത, മകൾ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. തെങ്കാശി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.

പത്മകുമാറിന്റെ 'കവിതായലം' വീട്ടിൽ വെള്ള സ്വിഫ്റ്റ് ഡിസയർ കാർ പാർക്ക് ചെയ്തിട്ടുണ്ട്. ഈ കാർ ആണോ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. കേബിൾ ടി വി ഉൾപ്പടെയുള്ള ബിസിനസ് സംരംഭങ്ങൾ നടത്തിയിരുന്ന പത്മകുമാർ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നയാളാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി പ്രതികൾ കിഴക്കനേലയിൽ ഓട്ടോയിൽ എത്തിയിരുന്നു. ഓട്ടോ ഡ്രൈവറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്. പത്മകുമാർ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കവിത ബേക്കറി നടത്തിവരികയാണ്.

ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള പത്മകുമാർ ഇത്തരമൊരു കുറ്റകൃത്യം നടത്തിയത് എന്തിനെന്ന് ഇനിയും പൊലീസിന് വ്യക്തമായിട്ടില്ല. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം ആവശ്യപ്പെടേണ്ട സ്ഥിതി അല്ല പത്മകുമാറിന് ഉള്ളത്. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. പത്മകുമാറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചാകും കൃത്യത്തിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന് വ്യക്തമാകൂ. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിനടിസ്ഥാനം എന്ന അനുമാനത്തിലാണ് പൊലീസ്. എന്നാൽ പത്മകുമാറിനെ അറിയില്ലെന്നും അത്തരത്തിലൊരു സാമ്പത്തിക ഇടപാടും തർക്കങ്ങളും ആരുമായും ഇല്ല എന്നുമാണ് കുട്ടിയുടെ പിതാവും പറയുന്നത്.