തൃശ്ശൂർ: മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷനിൽ നായയുമായെത്തി പ്രതിയുടെ അഴിഞ്ഞാട്ടം. തൃശൂരിലെ കണ്ടാണശേരി പൊലീസ് സ്റ്റേഷനിൽ നായയുമായി എത്തി അൻപതുകാരന്റെ പരാക്രമം. സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചു. പൊലീസുകാരനെ ചവിട്ടി വീഴ്‌ത്തിയുമായിരുന്നു ഇയാളുടെ പരാക്രമങ്ങൾ. ഒരു വാഹനാപകട കേസിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം.

മദ്യലഹരിയിലാണ് കൂനംമൂച്ചി സ്വദേശിയായ വിൻസെന്റ് പൊലീസ് സ്‌റ്റേഷനിലേക്ക് വാഹനവുമായി ഉച്ചയോടെ എത്തിയത്. മദ്യലഹരിയിൽ എത്തിയ ഇയാൾ വാഹനം കൊണ്ട് ഗേറ്റ് ഇടിപ്പിച്ചു. കാറിൽ 'അമേരിക്കൻ ബുള്ളി' ഇനത്തിൽ പെട്ട നായയുമായിട്ടായിരുന്നു വരവ്. നായയെ വാഹനത്തിൽ നിന്നും ഇറക്കിയ ശേഷം തെറി വിളിച്ചു കൊണ്ട് മൺവെട്ടിയുമായി ഇറങ്ങി. തുടർന്ന് ഇയാളുടെ പരാക്രമം തന്നെയായിരുന്നു കണ്ടത്.

ഗേറ്റ് തല്ലിപ്പൊളിച്ചു, പൊലീസുകാർക്ക് നേരെ മൺവെട്ടി ഓങ്ങി, ഒരുപൊലീസുകാരനെ ചവിട്ടി വീഴ്‌ത്തുകയും ചെയ്തു. കുറിയർ സർവീസ് നടത്തുന്നയാളാണ് വിൻസെന്റ്. നേരത്തെ പ്രവാസിയായിരുന്നു. മുൻ ഡ്രൈവർ സന്തോഷുമായി തെറ്റിപ്പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ സന്തോഷിന്റെ ബന്ധുക്കൾ ഓട്ടോറിക്ഷയിൽ വരുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി വിൻസെന്റിനെതിരെ പരാതിയുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മദ്യലഹരിയിൽ വളർത്തുനായയുമായി എത്തിയ വിൻസെന്റ് സ്റ്റേഷൻ വളപ്പിൽ പരാക്രമം കാട്ടി. ഗേറ്റ് പൊളിച്ചു. മൺവെട്ടിയുമായി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടാൻ ശ്രമിക്കുന്നതിനിടെ മറ്റു ഉദ്യോഗസ്ഥർ സംഘമായെത്തി കീഴ്‌പ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥർതന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിത്. പൊലീസിനെ ഏറെ നേരം വെല്ലുവിളിച്ചിരുന്നു. പൊലീസ് ആദ്യം സംയമനം പാലിച്ചു. പിന്നീട്, ആക്രമണം രൂക്ഷമായപ്പോൾ ബലംപ്രയോഗിച്ചു. പതിനഞ്ചു വർഷം മുമ്പ് പള്ളിപ്പെരുന്നാളിന് പൊലീസിനെ തല്ലിയതിന് കേസുണ്ട്. പൊലീസ് പുറത്തുവിട്ട വീഡിയോ സൈബറിടത്തിൽ വൈറലാണ്.