ബെംഗളൂരു: കർണാടകയിലെ ബിജെപി സർക്കാറെനെ വെട്ടിലാക്കി തുടർച്ചയായി അഴിമതി ആരോപണങ്ങൾ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കെ പാർട്ടി എംഎൽഎ അഴിമതി കേസിൽ കുടുങ്ങിയത് ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ പേ സി എം ആരോപണം കൊഴിപ്പിച്ചു കൊണ്ട് പ്രതിപക്ഷം രംഗത്തു വരുമ്പോഴാണ് വീണ്ടും മറ്റൊരു ബിജെപി എംഎൽഎ അഴിമതിപ്പണവുമായി വിവാദത്തിലായത്.

സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ബിജെപി എംഎൽഎ മാദൽ വിരുപാക്ഷപ്പയുടെ മകനിൽ നിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടിയിരിക്കുന്നത്. പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന മകൻ പ്രശാന്ത് മാദൽ മൊഴി നൽകിയതോടെ വിരുപാക്ഷപ്പ ഒളിവിൽ പോയിരിക്കുകയാണ്.

'40 ശതമാനം കമ്മീഷൻ' എന്ന പ്രചാരണത്തോടെ സർക്കാരിനെതിരെ കോൺഗ്രസ് നേരത്തെ ഉയർത്തിയ അഴിമതി ആരോപണങ്ങളിൽ ഇതിനകം തന്നെ ബിജെപി പ്രതിരോധത്തിലാണ്. ഇതിനിടെയാണ് വിരുപാക്ഷപ്പയുടെ മുങ്ങൽ. ബംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റായ പ്രശാന്തിന്റെ വീട്ടിൽനിന്ന് ആറുകോടി രൂപയും ഓഫീസിൽനിന്ന് 2..02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് പ്രശാന്തിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകൻ അറസ്റ്റിലായതിനുപിന്നാലെ മാദൽ വിരുപാക്ഷപ്പ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ അദ്ദേഹം ഒളിവിലാണ്.

72-കാരനായ മാദൽ വിരുപാക്ഷപ്പ ദാവണഗെരെ ചന്നാഗിരി എംഎ‍ൽഎ.യാണ്. നിലവിൽ അദ്ദേഹത്തിന്റെ രണ്ടാം ടേമാണിത്. ലിംഗായത്ത് ഉപവിഭാഗമായ സാദർ ലിംഗായത്ത് സമുദായ അംഗമായ വിരുപാക്ഷപ്പ മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി പാർട്ടി അംഗവുമായ ബി.എസ്.യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയാണ്.

കോൺഗ്രസിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് ബിജെപിയിൽ ചേർന്ന വിരുപാക്ഷപ്പ 2008-ലാണ് ആദ്യമായി ജയിച്ചത്. 2012-ൽ യെദ്യൂരപ്പ ബിജെപിയുമായി വഴിപിരിഞ്ഞ് കെജിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിന്ന് കൂറ് പുലർത്തി. എന്നാൽ ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വണ്ഡാൽ രാജണ്ണയോട് പരാജയപ്പെട്ടു. 2014 യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്തിയപ്പോൾ വിരുപാക്ഷപ്പയും ഒപ്പം വന്നു. 2018-ൽ ചന്നാഗിരിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് മന്ത്രി സ്ഥാനം കിട്ടിയില്ല. രണ്ട് വർഷത്തിന് ശേഷം യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കെ.എസ്.ഡി.എൽ ചെയർമാൻ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള വിരുപാക്ഷപ്പ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറുമെന്ന സൂചനയുണ്ടായിരുന്ന. പകരം മൂത്ത മകൻ പാദൽ മല്ലികാർജുനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. ദാവൻഗെരെ സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയാണ് മല്ലികാർജുൻ. വിരുപാക്ഷയുടെ പിൻഗാമി എന്ന നിലയിൽ മണ്ഡലം കേന്ദ്രീകരിച്ച് ഇതിനോടകം പ്രവർത്തനങ്ങളും മല്ലികാർജുൻ തുടങ്ങിയിരുന്നു.

ഇതിനിടെ എംഎൽഎക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ ബിജെപി അകലം പാലിച്ചു. കോൺഗ്രസ് ഭരണകാലത്ത് ഇത്തരം അഴിമതികൾ മൂടിവെക്കപ്പെട്ടെന്നും തങ്ങളുടെ കാലത്ത് മുഖം നോക്കാതെ മറുപടി എടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. 'ലോകായുക്ത ഒരു സ്വയംഭരണ സ്ഥാപനമാണ്. തെളിവുകൾ സഹിതം കണ്ടെത്തിയ പണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കും. പണം ആരുടേതായാലും എല്ലാം പുറത്തുവരണം. അത് എല്ലാവരും അറിഞ്ഞിരിക്കണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും' അദ്ദേഹം കൂട്ടിച്ചേർത്തു.

കൈക്കൂലി ചോദിച്ചതിനെ തുടർന്ന് ഒരു വ്യക്തി നൽകിയ പരാതിയാണ് പ്രശാന്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ലോകായുക്ത എഫ്ഐആറിൽ പറയുന്നു. ബെംഗളൂരു ക്രസന്റ് റോഡിലുള്ള പിതാവ് വിരുപാക്ഷപ്പയുടെ ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് പ്രശാന്തിനെ പിടികൂടിയതെന്നും ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. 2.02 കോടി രൂപ പ്രശാന്തിന്റ കൈയിൽ നിന്ന് പിടികൂടി. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 6.1 കോടി രൂപയും കണ്ടെടുത്തു. വിരുപാക്ഷപ്പയെ ഒന്നാം പ്രതിയായും പ്രശാന്തിനെ രണ്ടാം പ്രതിയായിട്ടുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അടുത്തകാലത്തായി നിരവധി ആരോപണങ്ങൾ സർക്കാറിനെതിരെ ഉയർന്നിരുന്നു. ബി.എസ്. യെദിയൂരപ്പക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണമുന്നയിച്ചത് ബിജെപിയുടെ തന്നെ മുതിർന്ന നേതാവും എംഎ‍ൽഎയുമായ ബസനഗൗഡ പാട്ടീൽ യത്‌നാലാണ്. ബിജെപി സർക്കാറിനെ വെട്ടിലാക്കിയ ഗുരുതര ആരോപണങ്ങളായിരുന്നു യത്‌നാൽ ഉന്നയിച്ചത്. എന്നാൽ, യത്‌നാലിനെതിരെ നടപടിയെടുക്കുന്നതിനുപകരം ബിജെപി കേന്ദ്ര നേതൃത്വം വൈകാതെ യെദിയൂരപ്പയെ മുഖ്യമന്ത്രി കസേരയിൽനിന്നിറക്കി. പിന്നീട് ഈശ്വരപ്പക്കെതിരെ ആരോപണവുമായി രംഗത്തുവന്നത് ബിജെപി പ്രവർത്തകൻ കൂടിയായ കരാറുകാരനായിരുന്നു.

ഉഡുപ്പിയിലെ ഹോട്ടലിൽവെച്ച് ജീവനൊടുക്കിയ അദ്ദേഹത്തിന്റെ അവസാന ഫോൺ സന്ദേശത്തിലാണ് ബിജെപിയുടെ മുതിർന്ന നേതാവും ഗ്രാമീണ വികസന മന്ത്രിയുമായിരുന്ന കെ.എസ്. ഈശ്വരപ്പക്കെതിരെ ആരോപണമുയർന്നത്. വൻ തുക കൈക്കൂലി നൽകാത്തതിന്റെ പേരിൽ കരാർ പ്രവൃത്തികളുടെ പണം അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം. പാർട്ടിയിൽ ഏറെ സ്വാധീനമുള്ള നേതാവായിട്ടും ഗത്യന്തരമില്ലാതെ മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ട സാഹചര്യമുണ്ടായത് അഴിമതിയുടെ ആഴത്തിലേക്കാണ് സൂചന നൽകുന്നത്.

പിന്നീടും പല മന്ത്രിമാർക്കും എംഎ‍ൽഎമാർക്കുമെതിരെ അഴിമതി ആരോപണങ്ങളുയർന്നു. കോൺഗ്രസ് നേതാക്കളെത്തേടി ഇ.ഡി റെയ്ഡും ഐ.ടി റെയ്ഡും മുറപോലെ നടന്നെങ്കിലും ഒരു ബിജെപി നേതാവുപോലും അവരുടെ റഡാറിൽ വന്നില്ല. ബസവരാജ് ബൊമ്മൈ നയിക്കുന്ന ബിജെപി സർക്കാറിനുകീഴിൽ അരങ്ങേറുന്നത് കർണാടക കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.