മുംബൈ: ബോളിവുഡ് താരം സൽമാൻഖാന്റെ ജീവന് ഭീഷണിയുള്ളതായി മുംബൈ പൊലീസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുതവണ വധശ്രമം ഉണ്ടായതായാണ് മുംബൈ പൊലീസ് നൽകുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സൽമാൻഖാന്റെ സുരക്ഷ വർധിപ്പിച്ചു. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുടെ സംഘമാണ് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടത്. മുംബൈ പൻവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.

ഈ വർഷം ജൂണിന് സൽമാൻ ഖാന് വധഭീഷമി സന്ദേശം ലഭിച്ചിരുന്നു. ഗായകൻ സിദ്ദു മൂസ് വാലയുടെ ഗതി വരുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സൽമാൻ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി. പഞ്ചാബ് പൊലീസ് പറയുന്നതനുസരിച്ച്, സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് സൽമാൻ ഖാനെ കൊല്ലാൻ ലോറൻസ് ബിഷ്ണോയി സംഘം പ്ലാൻ ബി തയ്യാറാക്കിയിരുന്നു.

ഗോൾഡി ബ്രാറും ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറൻസ് നിഷ്നോയ് സംഘത്തിന്റെ ഷൂട്ടർ കപിൽ പണ്ഡിറ്റുമായിരുന്നു ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇതിനായി കപിൽ പണ്ഡിറ്റ്, സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടർമാരും മുംബൈയിലെ വാസെ ഏരിയയിലെ പൻവേലിൽ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. സൽമാൻ ഖാന്റെ പൻവേലിലുള്ള ഫാം ഹൗസിന് സമീപത്തായിരുന്നു ഇത്.

അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിലെ വീട്ടിൽ ഒന്നര മാസത്തോളം വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. താരത്തെ ആക്രമിക്കാൻ ഈ ഷൂട്ടർമാരുടെ പക്കൽ ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. ഹിറ്റ് ആൻഡ് റൺ കേസിൽ ഉൾപ്പെട്ടതു മുതൽ താരം കാറിന്റെ വേഗതയിൽ വളരെ ശ്രദ്ധാലുവായിരുന്നുവെന്ന് ഷൂട്ടർമാർ മനസ്സിലാക്കി. പൻവേലിലെ ഫാം ഹൗസിലേക്ക് പോകുമ്പോൾ സൽമാൻ ഖാന്റെ കാർ വളരെ കുറഞ്ഞ വേഗതയിലാണ് ഓടിച്ചിരുന്നത്. മിക്ക സമയത്തും സ്വകാര്യ അംഗരക്ഷകൻ ഷെറയോടൊപ്പമുണ്ടായിരുന്നു സൽമാന്റെ യാത്ര.

ഇതിനുപുറമെ, ഫാംഹൗസിലേക്കുള്ള വഴിയിലെ കുഴികളുടെ എണ്ണവും ഷൂട്ടർമാർ മനസ്സിലാക്കി. ഇവിടെ കാറിന്റെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി കുറയുമായിരുന്നു. സൽമാൻ ഖാന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ലോറൻസ് ബിഷ്ണോയി സംഘം ഫാം ഹൗസിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആരാധകരാണെന്ന വ്യാജേനയും ഇവർ താരത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.

സൽമാൻ ഖാൻ രണ്ട് തവണ ഫാം ഹൗസ് സന്ദർശിച്ചിരുന്നുവെങ്കിലും സംഘാംഗങ്ങൾ ആക്രമിക്കാനുള്ള അവസരം ലഭിച്ചില്ല. സംഘാംഗങ്ങളിൽ ചിലർ അടുത്തിടെ പിടിയിലായതോടെയാണ് ഗൂഢാലോചനയെ കുറിച്ച് പൊലീസിന് മനസ്സിലായത്. സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിൽ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ബിഷ്ണോയ്.