മലപ്പുറം: മലപ്പുറത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി 26കാരിയായ മാതാവ് ജീവനൊടുക്കിയ സംഭവം നാടിനെ നടുക്കുന്നു. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റിപ്പാല ചെട്ടിയാം കിണറിനു സമീപമുള്ള വീട്ടിലാണ് നാടു നടുങ്ങിയ മരണങ്ങളുണ്ടായത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ചെട്ടിയാം കിണർനാവുങ്ങത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മർസീ വ (നാല്) മറിയം (ഒന്ന്) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നിൽ വീട്ടിലെ കുടുംബവഴക്കാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ രാത്രി ഭർത്താവ് റാഷിദലിയുമായി സഫ്വ പിണങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഭർത്താവിന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു യുവതി കടുംകൈ ചെയ്തത്. ''ഞങ്ങൾപോകുന്നുവെന്നായിരുന്നു സന്ദേശം''. വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടിൽ വന്നത്. എന്നാൽ, ഇവർക്കിടയിൽ ചെറിയ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.

കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാൻ പോകാൻ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു. സംഭവ ദിവസം തലേന്ന് സഫ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്. ഇന്നലെ പുലർച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയിൽ കിടക്കുന്ന ഭർത്താവിന് ഞങ്ങൾ പോവുകയാണ് എന്ന ആത്മഹത്യാ സന്ദേശം വാട്സാപ്പ് വഴി അയച്ചിരുന്നു. അഞ്ചു മണിയോടെയാണ് റാഷിദ് അലയ്ക്ക് സന്ദേശം ശ്രദ്ധയിൽ പെട്ടത്. മുറിയിൽ തുറന്നു പരിശോധിച്ചതോടെയാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്.

മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മർഷീഹ എന്നിവർ കട്ടിലിലും മരിച്ച നിലയിൽ കിടക്കുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൽപ്പകഞ്ചേരി എസ്‌ഐ.ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ജഡങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരൂർ ഡി.വൈ.എസ്‌പി ക്കാണ് അന്വേഷണച്ചുമതല. ആദ്യം കുഞ്ഞുങ്ങളെ വിഷം നൽകിയാണ് മാതാവ് കൊലപ്പെടുത്തിയതെന്നാണയിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ നിന്നാണ് വിഷയം അകത്തുചെന്നിട്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും കണ്ടെത്തിയത്.

സംഭവിച്ചതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണം എന്ന് സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു. ' മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അതുകൊണ്ട് പോകുന്നു ' എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് പറയത്തക്ക വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്താണ് നടന്നത് എന്ന് അന്വേഷിക്കണം എന്നും സഫുവയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു.'

മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫുവ മെസ്സേജ് അയച്ചു എങ്കിലും അക്കാര്യങ്ങൾ ഞങ്ങളെ അറിയിച്ചത് ആറു മണിയോടെ മാത്രം ആണ് . ഞങ്ങൾ ഇതെല്ലാം അറിയാൻ വൈകി . എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയണം' മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹത ഉണ്ട്. സമഗ്രമായ അന്വേഷണം പൊലീസ് നടത്തണം. സഫുവയുടെ കുടുംബം ആവശ്യപ്പെട്ടു.