കോഴഞ്ചേരി: നെടുമങ്ങാട് നിന്ന് പത്തനംതിട്ട വന്ന് വാടകയ്ക്ക് വീടെടുത്ത് ചുറ്റുപാടുമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പൂവത്തൂർ പഴകുറ്റി പാളയത്തുമുകൾ വീട്ടിൽ നിന്നും ചെല്ലംകോട് മനാടിമേലേ വീട്ടിൽ അനന്ദു (23) ആണ് അറസ്റ്റിലായത്. വാടകയ്ക്ക് താമസിക്കുന്ന മേക്കൊഴുർ കുട്ടത്തോടുള്ള കെട്ടിടത്തിന്റെ സമീപത്തു നിന്നുമാണ് ഇയാൾ ആറന്മുള പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 27 ന് കടമ്മനിട്ട മാർത്തോമ്മ പള്ളിയിൽ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പുലർച്ചെ 2.30 ന് പള്ളിയുടെ ജനൽ തകർത്ത് ഉള്ളിൽ കയറി വഞ്ചി കുത്തിത്തുറന്ന് 2350 രൂപയാണ് മോഷ്ടിച്ചത്. ട്രസ്റ്റി നാരങ്ങാനം കല്ലേലിമുക്ക് വലിയപറമ്പിൽ തോമസ് വർഗീസിന്റെ പരാതിയിൽ ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിരലടയാളം നോക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്നര മാസമായി ഇയാൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. സംഭവദിവസം പുലർച്ചെ സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ മോഷ്ടാവ്, പള്ളിയുടെ ആർച്ച് ജനൽ വീൽ സ്പാനർ കൊണ്ട് അടിച്ചുപൊട്ടിച്ചശേഷം അകത്തുകടന്ന് മോഷണം നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 2350 രൂപ മോഷ്ടിക്കുകയും തുടർന്ന് ജനലിലൂടെ തന്നെ പുറത്തിറങ്ങി സ്‌കൂട്ടറിൽ രക്ഷപെടുകയുമായിരുന്നു. കോഴഞ്ചേരിയിലെത്തി 950 രൂപക്ക് തുണി വാങ്ങി, ബാക്കി തുക ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചതായി സമ്മതിച്ചു. സ്‌കൂട്ടറും സ്പാനറും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് മോഷണ കേസുകളിലും മേക്കൊഴുർ ഗുരുമന്ദിരത്തിലെ മോഷണ ശ്രമത്തിന് ഈവർഷം പത്തനംതിട്ട സ്റ്റേഷനിലെടുത്ത കേസിലും പ്രതിയാണ് അനന്ദു. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ എ അലോഷ്യസ്, എ എസ് ഐ നെപോളിയൻ, എസ് സി പി ഓമാരായ പ്രദീപ്, സലിം, സി പി ഓ പ്രദീപ് എന്നിവരാണ് ഉള്ളത്.