കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും വൻ തിരിച്ചടിയായി ഹൈക്കോടതി വിധി. വഞ്ചനാകേസുകളിൽ പ്രതികളായവർക്ക് എസ്എൻ ട്രസ്റ്റ് ഭാരവാഹിത്തം വഹിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയാണ് വെള്ളാപ്പള്ളിക്കും കൂട്ടർക്കും തിരിച്ചടിയാകുന്നത്. എസ്എൻ ട്രസ്റ്റ് സ്വത്തുക്കൾ സംബന്ധമായി ട്രസ്റ്റിന് വിരുദ്ധമായ കാര്യങ്ങളിൽ ഉൾപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവർക്കും ഭാരവാഹിത്വം വഹിക്കാൻ പാടില്ലെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ബൈല ഭേദഗതി ആവശ്യപ്പെട്ട്, മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിർണായക വിധി. ട്രസ്റ്റിന്റെ ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്യുകയായിരുന്നു.

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. എസ്എൻ ട്രസ്റ്റിന്റെ ബൈലോയിലെ 34ാം ക്ലോസ് അനുസരിച്ചാണ് ട്രസ്റ്റ് മെമ്പറായ വ്യക്തി ബൈലോ ഭേദഗതി ആവശ്യപ്പെട്ടതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ട്രസ്റ്റിനെ ദുരുപയോഗം ചെയ്തുവെന്നും ഫണ്ടുകൾ കൈകാര്യം ചെയ്തതിൽ സുതാര്യത ഇല്ലായ്മ അടക്കമുള്ള കാര്യങ്ങളിൽ അടക്കമാണ് കേസുള്ളത്.

ഇത്തരം സാഹചര്യങ്ങളിൽ നിരവധി കേസുകളിൽ പ്രതികളായ വ്യക്തി ട്രസ്റ്റി ഭാരവാഹിത്വം വഹിക്കുന്നത് ഗുണകരമാകില്ലെന്നാണ് കോടതിയും വിധിക്കുന്നത്. ട്രസ്റ്റിന്റെ ബൈലോയിലെ 34 ബിയിൽ ഭേദഗതി വരുത്താനും കോടതി അനുമതി നൽകുകയായിരുന്നു. ഈ കോടതി വിധി പ്രകാരം ഇപ്പോൾ തന്നെ നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായിട്ടുള്ള വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബൈലോ പരിഷ്‌കരണത്തിനായാണ് ജയപ്രകാശ് വാദിച്ചത്. ട്രസ്റ്റിന്റെ സത്യസന്ധമായ വാദത്തിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹിയായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കും.

എസ്.എൻ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്ത് തുടർച്ചയായി വെള്ളാപ്പള്ളി നടേശൻ തുടർന്നു വരികയാണ്. ഡോ. എംഎൽ സോമനാണ് ചെയർമാൻ. തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. 1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായത്. തുടർന്ന് മൂന്നു വർഷം കൂടുമ്പോൾ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തിലെത്തിയത്. 1997 ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി. ഡോ.എം.എൻ.സോമൻ നാലാം തവണയാണ് ട്രസ്റ്റ് ചെയർമാനാകുന്നത്. എസ് എൻഡിപി യോഗം പ്രസിഡന്റുമാണ്. യോഗം വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറി ആയതും.

എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായി എസ്.ആർ.എം.അജി, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എം.രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാങ്കോട് സുധാകരൻ എന്നിവരാണു ഉള്ളത്. വെള്ളാപ്പള്ളിക്ക് മേധാവിത്വമുള്ള കമ്മറ്റിയാണ് ട്രസ്റ്റിനെ നയിച്ചിരുന്നത്. ട്രസ്റ്റിന് കീഴീൽ നിരവധി സ്ഥാപനങ്ങളുമുണ്ട്. വെള്ളാപ്പള്ളി കുടുംബ സ്വത്തായി ട്രസ്റ്റിനെ ഭരിക്കുകയാണെന്ന ആരോപണം കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നത്. ഇതിനെതിരെ നിയമ നടപടികൾ ഉണ്ടായതോടെയാണ് ഇപ്പോൾ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി വിധിയും ഉണ്ടായിരിക്കുന്നത്.