കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുവയസുകാരനെ റിമാൻഡ് ചെയ്തു. മട്ടന്നൂർ ചാവേശരിയിലെ മുഹമ്മദ് സിനാനെയാണ് തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ചൊക്ളി സി. ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ ഹൈദരബാദിൽവെച്ചു പിടികൂടിയത്. ഇവിടെയുള്ള നൂറ്റിഅൻപതോളം ലോഡ്ജുകളിൽ റെയ്ഡു നടത്തിയതിനു ശേഷമാണ് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. പ്രണയം നടിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബംഗളുരു, ഹൈദരബാദ്, സെക്കന്ദരാബാദ് എന്നിവടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗികചൂഷണത്തിനിരയാക്കിയ ശേഷം ഹൈദരബാദിൽ നിന്നും ശബരി എക്സ്പ്രസിൽ പെൺകുട്ടിയെ നാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിനിടെയാണ് പ്രതി വലയിലായതെന്ന് പൊലിസ് പറയുന്നു.

ശബരി എക്സ്പ്രസിൽ ഷൊർണൂർ ജങ്ഷൻവരെ പെൺകുട്ടിയെ എത്തിച്ച ശേഷം ഇവിടെനിന്നും മറ്റൊരാളുടെ കൂടെ നാട്ടിലേക്ക് പെൺകുട്ടിയെ അയക്കാനായിരുന്നു പദ്ധതിയെന്ന് യുവാവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഷോപ്പ് ജീവനക്കാരനായ സിനാൻ ബൈക്കുകൾ വാങ്ങാനെന്ന പേരിൽ സഹോദരിയുടെ മൂന്ന് പവന്റെമാല പണയംവെച്ചു കിട്ടിയ തുകയുമാണ് പെൺകുട്ടിയെയുംകൊണ്ടു സ്ഥലം വിട്ടത്. ബംഗ്ളൂരിൽ ഇരുവരെയും തേടി പൊലിസെത്തുന്നതിനിടെയാണ് പ്രതി ആന്ധ്രയിലേക്ക് കടന്നുകളഞ്ഞത്.

തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ്റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. ബംഗ്ളൂര്, ഹൈദരബാദ്, സെക്കന്തരാബാദ് എന്നിവടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചസ്ഥലങ്ങളിൽ പ്രതിയെയും കൊണ്ടുപോയി പൊലിസ് തെളിവെടുത്തിട്ടുണ്ട്.