തിരുവനന്തപുരം:കൊല്ലം പത്തനാപുരത്ത് നിന്നും ഒരാഴ്‌ച്ച മുമ്പ് കാണാതായ യുവതിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി.പത്തനാപുരം സ്വദേശിനി സിന്ധുവിനെയാണ് തിരുവനന്തപുരം കണിയാപുരത്ത് നിന്നും കണ്ടെത്തിയത്.യുവതിയെ കണ്ടെത്തിയ ശേഷം സംസാരിച്ചപ്പോൾ ജോലി അന്വേഷിച്ചാണ് താൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം കാണാതായത്.

ആറ് വയസുകാരനായ മകനും സിന്ധുവിന്റെ അമ്മയ്ക്കുമൊപ്പം കൊല്ലത്ത് പിടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.ഇതിനിടെയാണ് കഴിഞ്ഞ 15 ആം തിയതി പത്തനാപുരം ടൗണിൽ പോകുന്നുവെന്ന് പറഞ്ഞ് സിന്ധു വീട്ടിൽ നിന്നും ഇറങ്ങിയത്.ഈ സമയം മകനും സിന്ധുവിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് സിന്ധു ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു.തുടർന്ന് വീട്ടുകാർ അവിടേക്ക് അന്വേഷിച്ചു ചെന്നെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.