കൊച്ചി: കോണ്‍ഗ്രസിന്റെ നേതാവാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എങ്കിലും സഖാക്കളുടെയും കണ്ണിലുണ്ണിയാണ് അദ്ദേഹം. കരിമണല്‍ വിഷയത്തില്‍ അടക്കം സിപിഎം നേതാക്കളുമായി കൈകോര്‍ക്കുന്ന തൊഴിലാളി നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന്. അത് അഴിമതി വിഹിതത്തിന്റെ വീതം വെപ്പിനാണെന്ന ആക്ഷേപവും രാഷ്ട്രീയ എതിര്‍ചേരിയില്‍ ഉള്ളവര്‍ ഉന്നയിക്കാറുണ്ട്.

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി കേസിലെ വിവാദ നായകനായ ആര്‍ ചന്ദ്രശേഖരന് മറ്റ് കോണ്‍ഗ്രസുകാര്‍ക്കൊന്നും കിട്ടാത്ത ആനുകൂല്യവും പിണറായി സര്‍ക്കാറില്‍ നിന്നും ലഭിച്ചിരുന്നു. ചന്ദ്രശേഖരന്‍ പ്രതിയായ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു കൊണ്ടുവരെ സഹായം ചെയ്തു. എന്നാല്‍ അതുകൊണ്ടും നീതിപീഠത്തിന്റെ കണ്ണുവെട്ടിക്കാന്‍ സാധിച്ചില്ല. 500 കോടിയുടെ അഴിമതി ആരോപണം ഉയര്‍ന്ന കേസില്‍ കോണ്‍ഗ്രസ്സ്- സിപിഎം കൂട്ടുകെട്ട് പൊളിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്.

കശുവണ്ടി വികസന കോര്‍പറേഷനിലെ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരനെതിരായ കേസ് റദ്ദു ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചു. ചന്ദ്രശേഖറിനും കോര്‍പറേഷന്‍ മുന്‍ എംഡി കെ.എ.രതീഷ് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കി.

ഇതില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു. അതുവരെ തിരുവനന്തപുരം സിജെഎം കോടതിയിലുള്ള കേസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശിച്ചു. കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് കശുവണ്ടി ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി സിബിഐയെ കേസന്വേഷണം ഏല്‍പ്പിച്ചു.

എന്നാല്‍ ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോള്‍ നടന്ന ഇടപാടുകളാണെന്നും അതില്‍ ക്രമക്കേടുണ്ടെന്നു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സിബിഐ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചക്കുകയായിരുന്നു. ഇതിന് ഉന്നതര്‍ ചന്ദ്രശേഖറിന് ഒത്താശ ചെയ്യുകയും ചെയ്തു. ഇത് സിപിഎമ്മിനുള്ളില്‍ പോലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ താല്‍പ്പര്യമായിരുന്നു ചന്ദ്രശേഖരിന് അനുകൂലമായി നിന്നത്.

തുടര്‍ന്നു കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ച കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മാത്രമല്ല, സിആര്‍പിസി വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്നതു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നേരിട്ടു ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ പൊതുമേഖലാ കമ്പനിയുടെയോ ഭാഗമായവര്‍ക്ക് ഈ വകുപ്പ് അനുസരിച്ച് സംരക്ഷണം ലഭിക്കില്ല.

ചന്ദ്രശേഖരനും രതീഷും കശുവണ്ടി വികസന കോര്‍പറേഷന്റെ പദവിയില്‍ ഉണ്ടായിരുന്നവരാണ്. അതിനാല്‍ ഇരുവര്‍ക്കും ഈ വകുപ്പ് അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും വിവിധ വിധിന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ടു കോടതി വ്യക്തമാക്കി. തങ്ങളുടെ നിരീക്ഷണങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടു വേണം പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള സിബിഐ അപേക്ഷ പരിശോധിക്കാനെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2005 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരുന്ന രതീഷ്, 2012 മുതല്‍ 2015 ചെയര്‍മാനുമായിരുന്ന ചന്ദ്രശേഖരന്‍, 2006 മുതല്‍ 2011 വരെ ചെയര്‍മാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്‌സ് എന്ന സ്ഥാപന നടത്തിപ്പുകാരനായ ജെയ്‌മോന്‍ ജോസഫ് എന്നിവരായിരുന്നു കേസിലെ 1 മുതല്‍ നാലു വരെ പ്രതികള്‍. സിബിഐ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പു കാസിം അന്തരിച്ചതിനാല്‍ രണ്ടാം പ്രതിയായിരുന്ന അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം പ്രതി രതീഷ്, മൂന്നാം പ്രതി ചന്ദ്രശഖരന്‍ എന്നിവര്‍ നാലാം പ്രതിയായ ജയ്‌മോനുമായി ഗൂഢാലോചന നടത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്യുകയും അതുവഴി കോര്‍പറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

തോട്ടണ്ടി ഇടപാടില്‍ കുറഞ്ഞത് 500 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതിയാണു സിബിഐ അന്വേഷിച്ചത്. നേരത്തെ ഈ അഴിമതിക്കേസ് അന്വേഷിച്ച് രാഷ്ട്രീയ സമ്മര്‍ദം മൂലം വിജിലന്‍സ് എഴുതി തള്ളിയിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു നിയമനടപടികള്‍ക്കും ഇതു വഴി തുറന്നു. 2006 മുതല്‍ 2015 മാര്‍ച്ച് വരെ നടന്ന തോട്ടണ്ടി ഇടപാടുകളാണു സിബിഐ അന്വേഷിച്ചത്. 2015 ഓഗസ്റ്റിലെ ഒറ്റ ഇടപാട് അന്വേഷിച്ച കേസാണു വിജിലന്‍സ് എഴുതിത്തള്ളിയത്.

വന്‍ അഴിമതി നടന്നെന്നായിരുന്നായിരുന്നു വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്. എല്ലാ ഇടപാടുകളും സിബിഐ അന്വേഷിക്കുന്നതിനാല്‍ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണം വേണ്ടെന്ന വാദം ഹൈക്കോടതിയില്‍ ഉയര്‍ന്നെങ്കിലും 2015 ഓഗസ്റ്റിലെ കേസ് അന്വേഷിക്കുന്നില്ലെന്നു സിബിഐ രേഖാമൂലം വ്യക്തമാക്കിയതോടെ അതു പൊളിഞ്ഞു. ഈ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു വിജിലന്‍സിനെ സമീപിക്കാനും സാധ്യതയേറി. വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പാതിവഴിയിലായപ്പോഴേക്കും അന്വേഷണോദ്യോഗസ്ഥനെ കാസര്‍കോട്ടേക്കു സ്ഥലം മാറ്റിയാണു രാഷ്ട്രീയ നേതൃത്വം പക തീര്‍ത്തത്.

ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ച ഡിവൈഎസ്പിയെ പകരം നിയമനം നല്‍കാതെ സ്ഥലംമാറ്റി. കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെയും എംഡിയായിരുന്ന നിലവിലെ ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ.രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ കത്തു നല്‍കിയെങ്കിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ല. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ തോട്ടണ്ടി കരാറുകാരന്‍ ജെയ്‌മോന്‍ ജോസഫ് അടക്കം 4 പ്രതികളാണുള്ളത്.