തിരുവനന്തപുരം: എടിഎമ്മിലെ സുരക്ഷാ വീഴ്ച മുതലെടുത്തു പണം തട്ടിപ്പു പതിവാക്കിയ ഉത്തരേന്ത്യൻ സംഘം അറസ്റ്റിൽ. ഉത്തർപ്രദേശ് കാൺപൂർ, ഗദംപൂർ, പുരൽഹർ പോസ്റ്റ് ഓഫിസ് പരിധിയിൽ ദേവേന്ദ്ര സിങ് (24), കാൺപൂർ നഗർ കല്യാൺപൂർ പങ്കി റോഡ് 49 സിയിൽ വികാസ് സിംങ് (21) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി സ്‌പെഷൽ സ്‌ക്വാഡുകൾ ചേർന്നാണു കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആന്ധ്രാപ്രദേശിൽ നിന്നു ട്രെയിനിൽ കൊല്ലത്ത് ഇറങ്ങിയ സംഘം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലെ എടിഎമ്മിൽ കവർച്ച നടത്തുന്നതിനിടയിലാണ് പിടിയിലായത്.

എടിഎം മെഷീനുകളിൽ കൃത്രിമം നടത്തി പണം തട്ടിയിരുന്ന സംഘത്തെ കുറിച്ച് മറ്റിടങ്ങളിൽ നിന്നും കേരള പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ ആന്ധ്രയിലെ വിജയവാഡയിലാണെന്നു കണ്ടെത്തി. ആന്ധ്രാ പൊലീസിന്റെ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നതായി സംസ്ഥാന പൊലീസിന് വിവരം ലഭിച്ചു.

സ്‌പെഷൽ ടീം അതിർത്തികൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തേക്ക് വരുന്ന ട്രെയിനുകൾ പരിശോധിച്ചു. പരിശോധനയിൽ രണ്ടംഗ സംഘത്തെ കണ്ടെത്തിയ പൊലീസ് സംഘം രഹസ്യമായി പിൻതുടർന്നു. കൊല്ലത്ത് ഇറങ്ങി എടിഎം കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടയിൽ തെളിവുകളോടെ പിടികൂടി.തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ വിവിധ ജില്ലകളിലെ എടിഎമ്മുകളിൽ ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.

പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള എടിഎമ്മുകളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. എടിഎം മെഷീനുകളുടെ പ്രവർത്തനം പ്രത്യേക രീതിയിൽ അൽപ നേരത്തേക്കു തകരാറിലാക്കിയാണു പണം കവരുന്നത്.