കൊല്ലം: ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് ഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണമെന്ന് പൊലീസ്. കഴിഞ്ഞ നാലിനാണ് കരിക്കം അഭിലാഷ് ഭവനിൽ ജോർജ്ജ് - ശോഭ ദമ്പതികളുടെ മകളായ ആശ(29) ഭർത്താവിന്റെ ചവിട്ടേറ്റ് മരിച്ചത്. ഭർത്താവിന് അടുത്തുള്ള ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിനെ തുടർന്നുള്ള മർദ്ദനത്തിലാണ് മരിക്കുന്നത്. ആശയുടെ ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺ ദാസി(36) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ഥിരം മദ്യപാനിയായ അരുൺ മിക്കപ്പോഴും വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണ്. കഴിഞ്ഞ 31 ന് മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു. ഇതിനിടെ ആശയെ വയറ്റിൽ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് ആശ ബോധരഹിതയായി. തുടർന്ന് അരുൺ തന്നെ ആശയെ ഓടനാവട്ടം സർക്കാർ ആശുപത്രിയിൽ കൊണ്ടു പോയി. ആടിനെ തീറ്റാനായി പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ച ആശയ്ക്ക് അടുത്ത ദിവസവും കടുത്ത വയറു വേദന തുടർന്നു. ഇതോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചു. സ്‌കാൻ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അരുൺ ദാസ് അതിന് തയ്യാറാകാതെ ആശയെ തിരികെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.

വേദന കൂടിക്കൂടി വന്നതിനെ തുടർന്ന് ആശ തന്റെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോയി. അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് കുടൽ പൊട്ടിയ വിവരം അറിയുന്നത്. എത്രയും വേഗം വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ജില്ലാ ആശുപത്രിയിൽ നിന്നും അറിയിച്ചു. അങ്ങനെ മീയ്യണ്ണൂരിലെ അസീസിയ മെഡിക്കൽ കോളേജിലെത്തിക്കുകയും അടിയന്തിരമായി ശസ്ത്രക്രിയ നത്തുകയും ചെയ്തു. എന്നാൽ ആശ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് ശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തോന്നിയ സംശയമാണ് പൂയപ്പള്ളി പൊലീസ് കൊലപാതകത്തിലേക്ക് കേസ് എത്തിച്ചത്.

പോസ്റ്റ്‌മോർട്ടത്തിൽ മൃതദേഹത്തിൽ 7 പാടുകളാണ് കണ്ടെത്തിയത്. ഒരെണ്ണം മരണത്തിന് കാരണമായ പരിക്കും മറ്റ് ആറെണ്ണം ഏറെ മുൻപുണ്ടായ മുറിവുകൾ കരിഞ്ഞതിന്റെ പാടുകളുമായിരുന്നു. ആട് ഇടിച്ചതിനെ തുടർന്ന് വീടിനടുത്തുള്ള പാറയുടെ മുകളിൽ നിന്നും വീണതാണ് അപകടകാരണമായി ഭർത്താവ് പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ശരീരത്തിൽ മറ്റെവിടെയെങ്കിലും മുറിവുകളോ ചതവുകളോ ഉണ്ടാവേണ്ടതാണ്. എന്നാൽ അത്തരത്തിൽ യാതൊന്നും മൃതദേഹത്തിൽ കണ്ടില്ല. തുടർന്ന് പൊലീസ് അപകടമല്ല എന്ന് പ്രാഥമിക നിഗമനത്തിലെത്തി. പിന്നീട് ഐ.പി.സി 302 പ്രകാരം കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിൽ ഇരുവരുടെയും മക്കളായ ഒൻപത് വയസ്സുള്ള അൽബാനോടും ഏഴ് വയസ്സുള്ള അലനോടും വിവരങ്ങൾ ചോദിച്ചപ്പോൾ അരുൺദാസ് പറഞ്ഞിരുന്ന മൊഴി തന്നെയാണ് ആവർത്തിച്ചത്. പിന്നീട് ആശയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ അവരും ആട് ഇടിച്ച കഥ തന്നെയാണ് ആവർത്തിച്ചത്. എന്നാൽ കുട്ടികൾ പറഞ്ഞ ചില കാര്യങ്ങളും മാതാപിതാക്കളുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വീട്ടിൽ വഴക്കിടാറുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പിന്നീട് കുട്ടികളെ പ്രത്യേകം മാറ്റി നിർത്തി ചോദ്യം ചെയ്തപ്പോൾ അപകടം ഉണ്ടായി എന്ന് പറയുന്ന ദിവസം ആശയും അരുണും തമ്മിൽ വഴക്കുണ്ടായതും മർദ്ദനം നടന്നതും തുറന്നു പറഞ്ഞു. പിതാവ് പറഞ്ഞിട്ടാണ് ആട് ഇടിച്ചകഥ പറഞ്ഞതെന്നും അവർ പറഞ്ഞു. തുടർന്ന് അരുൺ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്.



പൂയപ്പള്ളി പൊലീസിന്റെ അന്വേഷണ മികവിനെ തുടർന്നാണ് അപകടമരണം എന്ന് എഴുതി തള്ളിയേണ്ടിയിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പൂയപ്പള്ളി എസ്.എച്ച്.ഓ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് അരുണിന്റെ മർദ്ദനമേറ്റാണ് ആശ മരിച്ചത് എന്ന് തെളിഞ്ഞത്. തെളിവുകളും മൊഴികളും അപകടമാണെന്ന് അരുൺ ദാസ് വരുത്തി തീർത്തങ്കിലും പൊലീസ് എല്ലാം പൊളിച്ചടുക്കുകയായിരുന്നു. മരണക്കിടക്കയിലും ഭർത്താവ് തന്നെ ഉപദ്രവിച്ച കാര്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മാതാപിതാക്കളോട് ആട് ഇടിച്ചതല്ല എന്ന് പറഞ്ഞിരുന്നു. മറ്റൊന്നും ഭർത്താവിനെതിരെ ആശ പറഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡിവൈ.എസ്‌പി. നസീറിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്‌ഐ.മാരായ രാജൻബാബു, രതീഷ് കുമാർ, എഎസ്ഐ.മാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ ജുമൈല എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.